തിരുവനന്തപുരം: ശ്രീനാഥ് ഭാസിയെ സിനിമകളിൽ നിന്ന് വിലക്കിയ സംഭവത്തിൽ നിർമ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെ മമ്മൂട്ടി. താരങ്ങളുടെ തൊഴിൽ നിഷേധം അംഗീകരിക്കാനാവില്ലെന്ന് നടൻ മമ്മൂട്ടി. നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ വിലക്കിയതുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടിയുടെ പരാമർശം. തൊഴിൽ നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും മമ്മൂട്ടി പറഞ്ഞു. ‘ തൊഴിൽ നിഷേധം തെറ്റാണ്. വിലക്കാൻ പാടില്ലാത്തതാണ്. അന്നം മുട്ടിക്കുന്ന പരിപാടി ചെയ്യാൻ പാടില്ല. വിലക്ക് പിൻവലിച്ചെന്നാണ് മനസിലാകുന്നതെന്നും’ മമ്മൂട്ടി പറഞ്ഞു.
ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി ചീത്ത വിളിച്ചെന്ന യൂട്യൂബ് അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീനാഥ് ഭാസിക്ക് നിർമ്മാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയത്. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നതുമായ സിനിമകൾ ചെയ്യാൻ അനുവാദം നൽകിയിരുന്നു. പിന്നാലെ ശ്രീനാഥ് ഭാസിയും അവതാരകയും തമ്മിൽ ഒത്തു തീർപ്പിലെത്തുകയും, പരാതി പിൻവലിക്കുകയുമായിരുന്നു.
അതേസമയം ശ്രീനാഥ് ഭാസി നായകനായെത്തുന്ന പുതിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ‘നമുക്ക് കോടതിയിൽ കാണാം’ എന്നാണ്. മിശ്ര വിവാഹം കഴിച്ച ദമ്പതികൾക്ക് കുഞ്ഞ് ഉണ്ടായ ശേഷം അവരുടെ കുടുംബങ്ങൾക്കിടയിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നത്. ശ്രീനാഥ് ഭാസിക്ക് പുറമെ രഞ്ജി പണിക്കർ, ലാലു അലക്‌സ്, നിരഞ്ജ് രാജു, ഹരീഷ് കണാരൻ, നിതിൻ രഞ്ജി പണിക്കർ, ജോണി ആന്റണി, സരയു മോഹൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
Comments