കോട്ടയം: ഇന്ന് വിജയദശമി. ഒൻപത് ദിവസത്തെ നവരാത്രി ആഘോഷങ്ങൾക്ക് വിജയദശമി ദിനത്തോടെ സമാപനമാവും. വിദ്യാദേവതയായ സരസ്വതിയും അധർമ്മത്തെ തകർത്ത് ധർമ്മം പുനസ്ഥാപിക്കുന്ന ശക്തി സ്വരൂപിണിയായ ദുർഗ്ഗയും ഐശ്വര്യദായിനിയായ മഹാലക്ഷ്മിയും ഒരുമിച്ചു പൂജിക്കപ്പെടുന്ന ദിനമാണ് വിജയദശമി. എഴുത്തിനിരുത്ത് ചടങ്ങുകളും ഇന്നേ ദിവസമാണ് നടക്കുന്നത്.
തട്ടത്തിൽ വെച്ച അരിയിൽ ഹരിശ്രീ ഗണപതയെ നമ: എന്നെഴുതിയാണ് കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് പിച്ച വയ്‌ക്കുന്നത്. ലക്ഷക്കണക്കിന് കുട്ടികളാണ് ഇന്ന് ക്ഷേത്രങ്ങളിലും മറ്റ് സാംസ്‌കാരിക കേന്ദ്രങ്ങളിലുമായി ഹരിശ്രീ കുറിയ്‌ക്കുന്നത്. രണ്ട് വർഷത്തെ കൊറോണ നിയന്ത്രണങ്ങൾക്ക് ശേഷം സംസ്ഥാനത്ത് എമ്പാടും വിജയദശമി വിപുലമായിട്ടാണ് ആഘോഷിക്കുന്നത്. എല്ലാ ക്ഷേത്രങ്ങളിലും വലിയ ഒരുക്കങ്ങളാണ് എഴുത്തിനിരുത്തിനായി നടത്തിയിരിക്കുന്നത്.
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം ജില്ലയിലെ പനച്ചിക്കാട് ക്ഷേത്രത്തിലുൾപ്പെടെ രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലും പുലർച്ചെ മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. മണ്ണിലും അരിയുലുമായിട്ടാണ് കുരുന്നുകൾ ആദ്യാക്ഷരമെഴുതുന്നത്. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ നാടായ തിരൂർ തുഞ്ചൻ പറമ്പ്, തിരുവനന്തപുരത്തെ ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, പൂജപ്പുര സരസ്വതി മണ്ഡപം എന്നിവിടങ്ങളിലെല്ലാം എഴുത്തിനിരുത്ത് ചടങ്ങുകൾ നടക്കുന്നുണ്ട്.
Comments