സുരേഷ് ഗോപിയുടെ വമ്പൻ തിരിച്ചു വരവിനാണ് അടുത്തിടെ മലയാള സിനിമാ ലോകം സാക്ഷ്യം വഹിച്ചത്. വരനെ ആവശ്യമുണ്ട്, കാവൽ, പാപ്പൻ, മേ ഹൂം മൂസ എന്നി ചിത്രങ്ങളുടെ വലിയ വിജയം സുരേഷ് ഗോപിയുടെ തിരിച്ചു വരവിന് പൊൻതിളക്കമേകി. തന്റെ നടന ചാരുതയ്‌ക്കും മലയാള സിനിമയിലെ തന്റെ സിംഹാസനത്തിനും സൂപ്പർസ്റ്റാർ പദവിയ്‌ക്കും യാതൊരുവിധ കോട്ടവും തട്ടിയിട്ടില്ല എന്ന് തെളിയിക്കുന്ന മടങ്ങിവരവാണ് സുരേഷ് ഗോപി നടത്തിയത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം അനൗൺസ് ചെയ്തിരിക്കുകയാണ് താരം. SG255 എന്ന് വിശേഷിപ്പിക്കുന്ന ചിത്രം ഒക്ടോബർ മാസത്തിൽ ആരംഭിക്കും.
സുരേഷ് ഗോപിയുടെ 255-ാം ചിത്രമാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. നവാഗതനായ പ്രവീൺ നാരായണനാണ് SG255-യുടെ സംവിധായകൻ. “സത്യം എപ്പോഴും ജയിക്കും” എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ ഇറക്കിയിരിക്കുന്നത്. കോസ്‌മോസ് എന്റർടെയ്ൻമെന്‌റ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരുപിടി വലിയ ചിത്രങ്ങളും താരത്തിന്റേതായി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ, രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന SG251, ജയരാജ് സംവിധാനം ചെയ്യുന്ന ഹൈവെ2 എന്നിവയാണ് സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന മറ്റ് ചിത്രങ്ങൾ.
ജിബു ജേക്കബ് സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായെത്തിയ മേ ഹൂം മൂസ തിയറ്ററുകളിൽ ചിരി പടർത്തി മുന്നേറുകയാണ്. കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടെന്ന് കരുതിയ ലാൻസ് നായിക് മുഹമ്മദ് മൂസ പെട്ടന്നൊരു സുപ്രഭാതത്തിൽ സ്വന്തം നാടായ മലപ്പുറം ജില്ലയിൽ തിരിച്ചു വരികയും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ജിബുവിന്റെ മുൻചിത്രങ്ങളിലേതുപോലെ തമാശ തന്നെയാണ് മേ ഹൂം മൂസയെയും മുന്നോട്ടു കൊണ്ടുപോകുന്നത്. നല്ല സംവിധായകൻ വന്നാൽ നല്ല കോമഡി കഥാപാത്രങ്ങൾ ചെയ്ത് പ്രേഷകരെ കയ്യിലെടുക്കാൻ സുരേഷ് ഗോപിയ്‌ക്ക് കഴിയും എന്ന് തെളിയിക്കുന്ന ചിത്രം കൂടിയാണ് മേ ഹൂം മൂസ.
















Comments