കണ്ണൂർ: മുൻ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം അഭിപ്രായപ്രകടനം നടത്തിയവർക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന ഫാസ്റ്റിസ്റ്റ് നടപടികൾക്കെതിരെ വീണ്ടും തുറന്നടിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട നിരുപദ്രവകരമായ ഒരു കമന്റ് ഉയർത്തിക്കാട്ടി കൂത്തുപറമ്പിലെ അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്തിരിക്കുകയാണ് പിണറായി സർക്കാർ. കമ്യൂണിസ്റ്റ് ഗുണ്ടകൾ വെട്ടിനുറുക്കി കൊന്ന യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ കെടി ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരി ഗിരിജെയാണ് സംസ്ഥാന സർക്കാർ ഒരു കമന്റിന്റെ പേരിൽ വേട്ടയാടുന്നത്.
കൂത്തുപറമ്പ് ഹൈസ്‌കൂൾ അദ്ധ്യാപികയായ ശ്രീമതി ഗിരിജ രണ്ട് മാസമായി ഒരു ആക്‌സിഡന്റിനെ തുടർന്ന് ഇരു കയ്യും ഒടിഞ്ഞ് കിടക്കുകയാണ് . ഫോൺ എടുക്കുന്നതും ഭക്ഷണം വാരി കൊടുക്കുന്നതും എല്ലാം ഭർത്താവായ അജയ് കുമാറാണ് .അദ്ദേഹം ഭാര്യ ഗിരിജയുടെ മൊബൈലിൽ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട നിരുപദ്രവമായ ഒരു കമന്റ് ഉയർത്തിയാണ് ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരിയെ വേട്ടയാടുന്നതെന്ന് സന്ദീപ് വാര്യർ കുറ്റപ്പെടുത്തുന്നു.
അന്തരിച്ച നേതാവ് എന്ന നിലക്ക് ഉടനടി സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയനാക്കുന്നത് ധാർമ്മികമല്ല എന്ന ബോധ്യമാണ് കോടിയേരിയെ വിമർശിക്കുന്നതിൽ നിന്ന് ഞങ്ങളെ വിലക്കുന്ന ഏക ഘടകം.അല്ലാതെ പിണറായി വിജയന്റെ ഫാസിസ്റ്റ് ഭരണ നടപടികളോടുള്ള ഭയമല്ലെന്ന് സന്ദീപ് വാര്യർ പറയുന്നു. എന്നാലും ചുരുങ്ങിയ വാക്കുകളിൽ ചിലത് പറയാതെ വയ്യ. ജീവിച്ചിരുന്ന കോടിയേരിക്ക് സ്വന്തം മക്കളുണ്ടാക്കിയ മാനക്കേടിന്റെ അത്രയൊന്നും മരണ ശേഷം ചിലർ നടത്തിയ കമന്റുകൾ ഉണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം കുറിച്ചു.
കെടി ജയകൃഷ്ണൻ മാസ്റ്ററെ കൊന്നിട്ടും കലി തീരാതെ ആ കുടുംബത്തെയും വേട്ടയാടുന്ന നടപടി ഫാസിസമാണ്, ഭീരുത്വമാണ് പിണറായി. വേട്ടയാടൽ തുടർന്നാൽ കോടിയേരി ബാലകൃഷ്ണൻ എന്ന നേതാവും വിമർശിക്കപ്പെടും , തുറന്ന് കാണിക്കപ്പെടും.മനസ്സിലിരിക്കട്ടെയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
















Comments