ന്യൂയോർക്ക്: 2022-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം സ്വന്തമാക്കി ഫ്രഞ്ച് എഴുത്തുകാരി അനീ എർനു. സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മെഡലും ഏകദേശം 9,11,400 ഡോളർ വില മതിക്കുന്ന 10 ദശലക്ഷം സ്വീഡിഷ് ക്രോണറും അടങ്ങുന്നതാണ് പുരസ്‌കാരം.
ലളിതമായ രചനകൾക്ക് പേരുകേട്ട എഴുത്തുകാരിയാണ് എർനു. വർഗ്ഗത്തിന്റെയും ലിംഗഭേദത്തിന്റെയും പ്രമേയത്തിൽ ലളിത ഭാഷ ഉപയോഗിച്ച് വലിയ അർത്ഥതലങ്ങൾ സൃഷ്ടിക്കുന്ന എഴുത്തുകാരിയാണ് എർനുവെന്ന് ജ്യൂറി പ്രശംസിച്ചു. താൻ അനുഭവിച്ച യാതനകളുടെയും ത്യാഗത്തിന്റെയും അകൽച്ചയുടെയും ആവിഷ്‌കാരത്തിനും അതിന് കാണിച്ച ധൈര്യത്തിനുമുള്ള ആദരമാണ് പുരസ്‌കാരമെന്നും ജൂറി പറഞ്ഞു.
എർനുവിന്റെ കൃതികളിൽ ഭൂരിഭാഗവും ആത്മകഥാപരമാണ്. 1974-ൽ പ്രസിദ്ധീകരിച്ച ക്ലീൻ ഔട്ട് ആണ് ആദ്യകൃതി. എ മാൻസ് പ്ലേയ്‌സ്, എ വുമൺസ് സ്റ്റോറി, സിംപിൾ പാഷൻ തുടങ്ങിയ കൃതികൾ ശ്രദ്ദേയമായവയാണ്. എർനുവിന്റെ നിരവധി കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്.
ടാൻസാനിയൻ വംശജനായ നോവലിസ്റ്റ് അബ്ദുൾറസാഖ് ഗുർനയ്‌ക്കാണ് കഴിഞ്ഞ വർഷം സാഹിത്യ നൊബേൽ സമ്മാനിച്ചത്. അഭയാർഥികളുടെയും പ്രവാസികളുടെയും ദുരവസ്ഥ, കൊളോണിയലിസം, വംശീയത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവയാണ് ഗുർനയുടെ കൃതികൾ.
















Comments