തിരുവനന്തപുരം: വടക്കഞ്ചേരിയിൽ നടന്ന ബസ്സ് അപകടത്തിന്റെ നടുക്കത്തിൽ നിന്ന് സംസ്ഥാനം മുക്തി നേടിയിട്ടില്ല. ഈ സാഹചര്യത്തിൽ സ്‌കൂളിൽ നിന്നുള്ള വിനോദയാത്രകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മന്ത്രിയുടെ നിർദേശം പ്രകാരം ഇനി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രകൾ ഇനി രാത്രി പാടില്ല. രാത്രി ഒമ്പത് മണി മുതൽ രാവിലെ ആറ് മണി വരെയുള്ള സമയങ്ങളിൽ യാത്ര ഒഴിവാക്കണമെന്ന് മന്ത്രി കർശന നിർദേശം നൽകി.
രാത്രിയാത്ര ഒഴിവാക്കണമെന്ന നിർദേശം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും പാലിക്കണം. യാത്രയുടെ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവൻമാർക്കാണ്. ഇക്കാര്യത്തിൽ നേരത്തെ തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരള ടൂറിസം വകുപ്പ് അംഗീകരിച്ചിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങളാണ് ഇത്തരം യാത്രകൾക്ക് ഉപയോഗിക്കേണ്ടതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
യാത്ര കുട്ടികളുടെ പഠനകാര്യങ്ങളുമായി ബന്ധപ്പെട്ടതാകണം. പ്രധാനാദ്ധ്യാപകന് യാത്രയെക്കുറിച്ച് സമഗ്രമായ ബോധ്യമുണ്ടാകണം. അപകടകരമായ സ്ഥലങ്ങളിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണം. യാത്രയിൽ വാഹന ജീവനക്കാരും വിദ്യാർത്ഥികളും അദ്ധ്യാപകരും ലഹരി ഉപയോഗിക്കാനുള്ള സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.
















Comments