വെയിലേറ്റ് കരുവാളിച്ച് പോകുക എന്നത് നമ്മുടെ നാട്ടിൽ ഏതൊരാളും നേരിടുന്ന പ്രശ്‌നമാണ്. ശരിയായ വിധം സൺസ്‌ക്രീനോ മറ്റ് സുരക്ഷാ മാർഗങ്ങളോ തേടാതിരിക്കുമ്പോൾ വെയിലേറ്റ് ചർമ്മത്തിന്റെ കാന്തി നഷ്ടപ്പെടുന്നു. വെളുത്ത നിറമുള്ളവർ മാത്രമല്ല, ഏത് ചർമ്മ നിറമുള്ളവരും വെയിലേറ്റാൽ കരിവാളിച്ച് പോകും. ഇത് ജന്മനാ ലഭിച്ച ചർമ്മത്തിന്റെ സൗന്ദര്യത്തെ ബാധിക്കുകയും ചെയ്യും. ഇത്തരത്തിൽ വെയിലേറ്റ് ബാധിച്ച കരുവാളിപ്പ് മാറ്റാൻ ചെയ്യേണ്ടത് എന്തെല്ലാമാണെന്ന് നോക്കാം..
നാരാങ്ങാ നീരും തേനും ചാലിച്ച് മുഖത്ത് പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകി കളയുക. അൽപം പഞ്ചസാര കൂടി ചേർത്താൽ ചർമ്മം സ്‌ക്രബ് ചെയ്ത് വൃത്തിയാക്കാനും സാധിക്കും.
തൊലികളഞ്ഞ ഒരു തക്കാളി എടുത്ത് ജ്യൂസാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
കുക്കുംബർ ജ്യൂസാക്കി കോട്ടൺ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടാവുന്നതാണ്. അതുമല്ലെങ്കിൽ ഉരുളക്കിളങ്ങിന്റെ നീരെടുത്ത് മുഖത്ത് പുരട്ടുന്നതും ഫലം ചെയ്യും. ഉരുളക്കിഴങ്ങ് നേർത്ത കഷ്ണങ്ങളായി മുറിച്ച് കണ്ണിന് മുകളിൽ വെക്കുന്നതും നല്ലതാണ്.
പഴുത്ത പപ്പായ ചതച്ച് അതിലേക്ക് തേൻ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാവുന്നതാണ്. അരമണിക്കൂറിന് ശേഷം കഴുകി കളയാം.
രണ്ട് ടീസ്പൂൺ ഓട്‌സ് അഞ്ച് മിനിറ്റ് കുതിർത്ത് വെച്ചതിന് ശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ ബട്ടർമിൽക്ക് ചേർക്കുക. അതിലേക്ക് അൽപം തേനും ചേർക്കാവുന്നതാണ്. പേസ്റ്റ് രൂപത്തിലാക്കി മുഖത്തിടുക. കുറച്ചുനേരം മസാജ് ചെയ്യാവുന്നതാണ്. 20 മിനിറ്റിന് ശേഷം കഴുകി കളയുക.
ഈ മാർഗങ്ങൾ എല്ലാം തന്നെ വെയിലേറ്റുണ്ടായ കരുവാളിപ്പിനെ അകറ്റാൻ ഉത്തമമാണ്. കൈകളിലും കാലുകളിലും ഉൾപ്പെടെ പുരട്ടാവുന്നതാണ്.
















Comments