ലണ്ടൻ: യുകെയിൽ ഹിന്ദുക്കൾക്കെതിരായി വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്ക് പരിഹാരം കാണുമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാമർ. ബ്രിട്ടനിലെ നവരാത്രി ആഘോഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കൾക്കെതിരായ ആക്രമങ്ങളും മറ്റും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വ്യത്യസ്ത സമൂഹങ്ങൾക്കിടയിൽ വിദ്വേഷം പരത്താൻ തീവ്രവാദികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു. ഇങ്ങനെ സോഷ്യൽ മീഡിയ ചൂഷണം ചെയ്യുന്ന തീവ്രവാദഘടകങ്ങളെ അവസാനിപ്പിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിൽ ഹിന്ദുസമൂഹം നൽകുന്ന എല്ലാവിധ സംഭാവനയ്‌ക്കും നന്ദി പറയുന്നു. ബ്രിട്ടന്റെ അവിഭാജ്യഘടകമാണ് ഹിന്ദുസമൂഹം.ഭൂതകാലവും,വർത്തമാനവും ഭാവിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുമതവും ആരാധനാലയങ്ങളും ആരാധനാ ചിഹ്നങ്ങളും ബഹുമാനിക്കപ്പെടുകയും ചെയ്യും.ദസ്‌റ ആഘോഷങ്ങളിൽ രാവണന്റെ പ്രതിമകൾ കത്തിക്കുന്നത് വിദ്വേഷം അനീതി ദാരിദ്ര്യം എന്നിവ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ഓർമ്മിപ്പിക്കുന്നുവെന്ന് കെയർ സ്റ്റാമർ ചൂണ്ടിക്കാട്ടി.
ഹിന്ദുക്കൾക്കെതിരായ ആക്രമങ്ങൾക്ക് നമ്മുടെ സമൂഹത്തിൽ ഒരിടത്തും സ്ഥാനമില്ല. നാമെല്ലാവരും ഇതിനെ ഒരുമിച്ച് ചെറുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തീവ്രവാദികൾ അനേകം ആളുകളെ അവരുടെ മതത്തിന്റെ അടിസ്ഥാനത്തിൽ ലക്ഷ്യമിടുന്നുണ്ടെന്നും അടുത്തകാലത്തായി വിദ്വേഷ കുറ്റകൃത്യങ്ങളിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നും അറിയാം. ലെസ്റ്റിലെയും മറ്റും തെരുവുകളിലെ അക്രമത്തിൽ ദു:ഖിതനാണ്. സോഷ്യൽ മീഡിയ ചൂഷണം ചെയ്യുന്ന തീവ്രവാദികൾ പ്രചരിപ്പിക്കുന്ന അക്രമവും വിദ്വേഷവും. വിദ്വേഷം പ്രചരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കെതിരെയും നമ്മൾ എല്ലാവരും ഒരുമിച്ച് ഉറച്ചുനിൽക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈന്ദവക്ഷേത്രങ്ങൾക്ക് നേരെയും ഹിന്ദുമത ചിഹ്നങ്ങൾക്ക് നേരെയും മതമൗലികവാദികൾ അക്രമം അഴിച്ചുവിട്ടിരുന്നു. രണ്ട് ക്ഷേത്രങ്ങൾക്ക് നേരെയാണ് മതമൗലികവാദികൾ അക്രമം അഴിച്ച് വിട്ടത്.
കാനഡയിൽ ഇന്ത്യക്കാർക്കെതിരെ വർദ്ധിച്ച് വരുന്ന വിദ്വേഷ ആക്രമണത്തിൽ രാജ്യത്ത് നിന്നുള്ള പ്രവാസികളും വിദ്യാർഥികളും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. കാനഡയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളും ജാഗരൂകരാകണമെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കിയിരുന്നു.
















Comments