ലക്‌നൗ : അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പകുതിയിലേറെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിലെ ജയ്പൂരിൽ ശ്രീ പഞ്ച്കണ്ഡ് പീഠിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മുന്നേറ്റത്തിനായി സാമൂഹികവും – മതപരവുമായ നിരവധി പരിപാടികൾക്ക് പീഠ് നേതൃത്വം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാത്മാ രാമചന്ദ്ര വീർ മഹാരാജും സ്വാമി ആചാര്യ ധർമ്മേന്ദ്ര മഹാരാജും രാജ്യത്തിന് നിസ്വാർത്ഥമായ സംഭാവനകളാണ് നൽകിയത്. വിവിധ പരിപാടികളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിൽ ‘പീഠം’ നിർണായക പങ്ക് വഹിച്ചു. രാജ്യത്തിന്റെ ക്ഷേമത്തിനായി സന്യാസിമാരുടെ നേതൃത്വത്തിൽ പ്രചാരണങ്ങൾ നടത്തി.
ആചാര്യ ധർമമ്മേന്ദ്രയ്‌ക്ക് ഗോരക്ഷപീഠവുമായി മൂന്ന് തലമുറകളുടെ ബന്ധമുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യയുടെ സനാതന ധർമ്മം പശുക്കളുടെ സംരക്ഷണത്തിന് അതീവ പ്രാധാന്യം നൽകുന്നുണ്ട്.
1949ൽ എല്ലാവരുടെയും സജീവ പങ്കാളിത്തത്തോടെ ഒരു പരിപാടി ആരംഭിച്ചു. ഇതിലൂടെ രാമക്ഷേത്ര എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സമർപ്പിത ശ്രമങ്ങളാണ് നടത്തിയത്. ഇതിന്റെ ഫലമായി, ഇന്ന്, ആചാര്യ ജിയുടെ സ്വപ്നമായിരുന്ന രാമക്ഷേത്രത്തിന്റെ 50 ശതമാനത്തിലധികം ജോലികളും പൂർത്തിയായിക്കഴിഞ്ഞു. ഇന്ന്, ആചാര്യ ജി നമ്മോടൊപ്പം ഇല്ലെങ്കിലും, അദ്ദേഹത്തിന്റെ മൂല്യങ്ങളും ആദർശങ്ങളും സംഭാവനകളും നമുക്കെല്ലാവർക്കും ഇടയിൽ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments