ന്യൂഡൽഹി: ചോള ഭരണകാലത്ത് ഹിന്ദു മതം ഉണ്ടായിരുന്നില്ലെന്ന നടൻ കമൽഹാസന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് എം പി അഭിഷേക് മനു സിംഗ്വി. അക്കാലത്ത് ഹിന്ദു എന്ന പേര് ഉണ്ടായിരുന്നിരിക്കില്ല, എന്നാൽ തമിഴ് ജനത സനാതന ധർമ്മത്തിൽ വിശ്വസിച്ചിരുന്നു. ചോളന്മാർ ഹിന്ദു ദൈവങ്ങളായ ശിവനെയും വിഷ്ണുവിനെയും ആരാധിച്ചിരുന്നു എന്ന് മാത്രമല്ല, സനാതന ധർമ്മം മറ്റ് രാജ്യങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നതായി സിംഗ്വി ചൂണ്ടിക്കാട്ടി. മതനിഷേധം തമിഴ് സംസ്കാരത്തിന്റെ അടിസ്ഥാനമായിരുന്നില്ലെന്നും സിംഗ്വി വ്യക്തമാക്കി.
The term Hindu didn't exist, but #SanatanDharma was foundation of early Tamils. #Cholas worshipped Shiva, Vishnu & Durga & spread Sanatan to many countries. Denial of religion or God not foundational in #TN. Yes ritualism & religious elitism rightly decried. #KamalHasan
— Abhishek Singhvi (@DrAMSinghvi) October 7, 2022
രാജരാജ ചോളന്റെ കാലഘട്ടത്തിൽ ഹിന്ദു മതം ഉണ്ടായിരുന്നില്ലെന്ന കമൽഹാസന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. വൈനം, വൈഷ്ണവം, ശൈവം, സമനം തുടങ്ങിയ സമ്പ്രദായങ്ങൾ നിലനിന്നിരുന്നുവെങ്കിലും, ഹിന്ദു എന്ന മതം നിലവിലുണ്ടായിരുന്നില്ല. ഹിന്ദു എന്ന പ്രയോഗം കൊണ്ടു വന്നത് ബ്രിട്ടീഷുകാർ ആയിരുന്നു എന്നാണ് കമൽഹാസന്റെ പ്രസ്താവന.
തമിഴ് ചിത്രം പൊന്നിയിൻ സെൽവൻ റിലീസ് ചെയ്ത പശ്ചാത്തലത്തിൽ, രാജരാജ ചോളൻ ഹിന്ദു ആയിരുന്നില്ല എന്ന പ്രസ്താവനയുമായി ആദ്യം രംഗത്ത് വന്നത് ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ വെട്രിമാരൻ ആയിരുന്നു. ഇതിനെതിരെ ബിജെപി ശക്തമായി പ്രതികരിച്ചിരുന്നു.
ഹൈന്ദവ സാംസ്കാരിക ചിഹ്നങ്ങൾ മൂടിവെക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങണമെന്ന് പുതുച്ചേരി ലെഫ്റ്റ്നന്റ് ഗവർണർ തമിഴിശൈ സൗന്ദരരാജൻ ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രാരാധന തമിഴ് സംസ്കൃതിയുടെ ഭാഗമായിരുന്നുവെന്നും, ശൈവാരാധനയും വൈഷ്ണവാരാധനയും ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗം തന്നെ ആയിരുന്നുവെന്നും തമിഴിശൈ സൗന്ദരരാജൻ പറഞ്ഞു.
















Comments