പെട്ടെന്ന് കരയുന്ന കൂട്ടത്തിലുള്ള ഒരാളാണോ നിങ്ങൾ. വിഷമങ്ങളുണ്ടാകുമ്പോൾ നിങ്ങളുടെ കണ്ണുകൾ പെട്ടെന്ന് നിറയാറുണ്ടോ? മനസ്സിനോ ശരീരത്തിനോ എന്തെങ്കിലും വേദന തോന്നുമ്പോഴോ ഏതെങ്കിലും രീതിയിലുള്ള സമ്മർദ്ദങ്ങൾ അലട്ടുമ്പോഴോ കരയുന്ന ശീലം നിങ്ങൾക്കുണ്ടോ? എല്ലാറ്റിനുപരി ഒരു കരച്ചിലുകാരി / കരച്ചിലുകാരൻ എന്ന കളിയാക്കൽ നിങ്ങൾക്ക് കേൾക്കേണ്ടി വരാറുണ്ടോ? എങ്കിലിതൊന്ന് വായിക്കൂ..
കരയുക എന്നത് ആരുടെയും പോരായ്മയല്ലെന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. കരയാത്തവരേക്കാൾ ആരോഗ്യപരമായി കൂടുതൽ മികച്ചതായി നിൽക്കുന്നത് കരയുന്നവരാണെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിഷമങ്ങൾ ഉണ്ടാകുമ്പോൾ കരഞ്ഞുപോകുന്നത് ഒരു തെറ്റായ കാര്യമായോ കുറച്ചിലുള്ള കാര്യമായോ കണക്കാക്കേണ്ടതില്ലെന്ന് സാരം. സമ്മർദ്ദവും വേദനയും കുറയ്‌ക്കാനും തന്മയീഭാവവും സഹാനുഭൂതിയും വളർത്താനും ഇത്തരം കരച്ചിലുകൾ സഹായിക്കുമെന്നതാണ് വസ്തുത.
കണ്ണിലുള്ള ലാക്രിമൽ ഗ്ലാൻഡ് എന്ന ഗ്രന്ഥിയിൽ നിന്നാണ് കണ്ണുനീരുണ്ടാകുന്നത്. ഏതെല്ലാം വിധത്തിലാണ് ഒരാളെ കണ്ണുനീർ സഹായിക്കുന്നതെന്ന് നോക്കാം..
കരച്ചിൽ നാഡീവ്യവസ്ഥയെ ശാന്തമാക്കും. ഇത് ശരീരത്തിനും മനസ്സിനും വിശ്രമം നൽകാൻ സഹായിക്കും.
ലാക്രിമൽ ഗ്രന്ഥിയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഒരു പ്രോട്ടീൻ ന്യൂറോണുകളുടെ വളർച്ചയ്‌ക്കും നിലനിൽപ്പിനും അത്യന്താപേക്ഷിതമായ ഒന്നാണ്. കരയുമ്പോൾ പ്രോട്ടീൻ ഉൽപാദിപ്പിക്കപ്പെടുന്നു. ഇതിലൂടെ ഞരമ്പുകൾ ആരോഗ്യമുള്ളതാകുന്നു.
കാഴ്ച കൂടുതൽ മികവുറ്റതാക്കാൻ കണ്ണുനീർ സഹായിക്കുന്നു. ഓരോ തവണയും ഇമ വെട്ടുമ്പോഴും കരയുമ്പോഴും എല്ലാം കണ്ണുകളിൽ അകപ്പെട്ട പൊടിപടലങ്ങൾ നീക്കം ചെയ്യപ്പെടുന്നു. കണ്ണുനീർ ഒഴുകുമ്പോൾ കണ്ണുകൾ ഈർപ്പമുള്ളതായി മാറും. അതുവഴി ഡ്രൈ ഐ സിൻഡ്രോം ഉൾപ്പെടെയുള്ള പല രോഗാവസ്ഥകളെയും അകറ്റി നിർത്താവുന്നതാണ്.
കരയുന്നതിലൂടെ നാം അനുഭവിക്കുന്ന വേദനകളിൽ നിന്നും സമ്മർദ്ദങ്ങളിൽ നിന്നും ആശ്വാസം ലഭിക്കുന്നു. കരയുമ്പോൾ ശരീരത്തിൽ എൻഡോർഫിൻ, ഓക്‌സിടോസിൻ എന്നിവ ഉൽപാദിപ്പിക്കപ്പെടും. ഇത് മാനസികവും ശാരീരികവുമായ വേദനകളിൽ നിന്നും മോചനം ലഭിക്കാൻ സഹായിക്കുന്നു.
കരച്ചിലു കൊണ്ടുള്ള ഏറ്റവും നല്ല ഗുണങ്ങളിലൊന്ന് അത് കണ്ണിനെ വൃത്തിയാക്കാൻ സഹായിക്കുന്നു എന്നതാണ്. കണ്ണുകളെ വിഷാംശങ്ങളിൽ നിന്ന് മുക്തമാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് കണ്ണുനീർ. ഇത് ചീത്ത ബാക്ടീരിയയെ ഇല്ലാതാക്കുന്ന ലൈസോസൈം എന്ന ദ്രാവകം പുറത്തുവിടുന്നു. അതുവഴി കണ്ണുകൾ വൃത്തിയാകുന്നു.
















Comments