ന്യൂഡൽഹി: എൻസിബിയും സംസ്ഥാന ഏജൻസികളും പിടിച്ചെടുത്ത 25,000 കിലോ ലഹരിമരുന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ നശിപ്പിച്ചുകളയാൻ തീരുമാനം. ശനിയാഴ്ച നടക്കുന്ന പരിപാടിയിലാണ് പിടിച്ചെടുത്ത മയക്കുമരുന്ന് നശിപ്പിക്കുക.
ഇതിന് മുന്നോടിയായി ‘മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും’ എന്ന വിഷയത്തിൽ യോഗം സംഘടിപ്പിക്കും. യോഗത്തിന് ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ധ്യക്ഷത വഹിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരും ഡിജിപിമാരും യോഗത്തിൽ പങ്കെടുക്കും. തുടർന്നാണ് ലഹരിനശിപ്പിക്കൽ നടക്കുക.
ഏകദേശം 11,000 കിലോഗ്രാം മയക്കുമരുന്ന് എൻസിബി നശിപ്പിക്കും. കൂടാതെ 13,675 കിലോഗ്രാം ലഹരിവസ്തുക്കളും (ഹെറോയിൻ, കഞ്ചാവ്, സിറപ്പ്, മയക്കുമരുന്ന് ഗുളികകൾ) ശനിയാഴ്ച നിർവീര്യമാക്കും. ഇതിലെ 2,531 കിലോഗ്രാം ലഹരി അസമിൽ നിന്നും 11,144 കിലോഗ്രാം മയക്കുമരുന്ന് ത്രിപുരയിൽ നിന്നുമാണ് പിടിച്ചെടുത്തത്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, 75 ദിവസത്തിനുള്ളിൽ 75,000 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിക്കുമെന്ന് എൻസിബി തീരുമാനിച്ചിരുന്നു. വെറും 60 ദിവസത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കുകയും പിടിച്ചെടുത്ത 82,000 കിലോഗ്രാം മയക്കുമരുന്ന് ജൂലൈ 30നകം നശിപ്പിക്കുകയുമാണ് ചെയ്തത്.
















Comments