ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റത്തിന് യുപിയിലെ ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പനെ നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യാൻ നീക്കവുമായി കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം. സെക്രട്ടറി ധനു സുമോദ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സമാധാനത്തിനുള്ള അടുത്ത നൊബേൽ സമ്മാന ശുപാർശയിൽ സിദ്ദിഖ് കാപ്പന്റെ പേര് ഉറപ്പായും നേർവേയിൽ എത്തിയിരിക്കുമെന്നും ധനു പറഞ്ഞു.
സിദ്ദിഖ് കാപ്പനെ ജയിലിൽ അടച്ച ദിവസം കേരള പത്ര പ്രവർത്തക യൂണിയൻ അവകാശ സംരക്ഷണ ദിനമായി ആചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പത്രവാർത്തയ്‌ക്കൊപ്പം ആയിരുന്നു ധനു സുമോദിന്റെ കുറിപ്പ്. സിദ്ദിഖ് കാപ്പനെ ജയിലിൽ അടച്ച ഒക്ടോബർ അഞ്ച് ഇനി മുതൽ മാദ്ധ്യമ പ്രവർത്തകരുടെ അവകാശ സംരക്ഷണ ദിനമായി മാറുമെന്നും ധനു സുമോദ് ഫേസ്ബുക്കിലൂടെ അവകാശപ്പെട്ടു.
നേരത്തെ സിദ്ദിഖ് കാപ്പൻ ജയിലിൽ ആയതിന്റെ രണ്ടാം വാർഷികത്തിന് പ്രസ് ക്ലബ് ഓഫ് ഡൽഹിയ്‌ക്ക് മുൻപിൽ മെഴുകു തിരി കത്തിച്ച് ഐക്യദാർഢ്യ യോഗം ചേരുമെന്ന് ധനു സുമോദ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സംഘടനയ്‌ക്കുള്ളിൽ നിന്നും തന്നെ എതിർപ്പ് ഉയർന്നതോടെ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നൊബേലിന് നാമനിർദ്ദേശം ചെയ്യുമെന്ന ധനു സുമോദിന്റെ പുതിയ അറിയിപ്പ്.
അതേസമയം ഫേസ്ബുക്ക് പോസ്റ്റിന് താഴെ വലിയ വിമർശനമാണ് ഉയരുന്നത്. ഗുരുതര കുറ്റകൃത്യത്തിന് ജയിലിൽ കഴിയുന്ന ആൾക്ക് വേണ്ടിയാണോ അവകാശ സംരക്ഷണ ദിനം ആചരിക്കുന്നത് എന്നാണ് കമന്റുകളായി ഉയരുന്ന ചോദ്യം. തീവ്രവാദികളെ ജയിലിൽ ആണ് അടയ്‌ക്കേണ്ടതെന്നും അല്ലാതെ പത്ര പ്രവർത്തക ഓഫീസിൽ അല്ലെന്നും ആളുകൾ പറയുന്നുണ്ട്.
















Comments