ന്യൂഡൽഹി: മണിരത്‌നം ചിത്രമായ പൊന്നിയിൻ സെൽവൻ തീയേറ്ററുകൾ കീഴടക്കി പ്രദർശനം തുടരുകയാണ്. ആഗോളതലത്തിൽ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ 350 കോടിയിലേക്ക് അടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സെപ്റ്റംബർ 30നായിരുന്നു ചിത്രം റിലീസിനെത്തിയത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നട തുടങ്ങി അഞ്ച് ഭാഷകളിൽ പ്രദർശനെത്തി. ആറ് ദിവസം കൊണ്ട് 318 കോടി രൂപ കളക്ഷനായിരുന്നു ചിത്രം നേടിയത്. എട്ട് ദിവസം പിന്നിട്ടപ്പോൾ 325 കോടി രൂപ കളക്ഷനിലാണ് നിലവിൽ കളക്ഷൻ എത്തിനിൽക്കുന്നത്. ട്രേഡ് അനലിസ്റ്റ് ട്രിനാഥിന്റെ ട്വിറ്റർ പോസ്റ്റുകൾ ഇക്കാര്യം വ്യക്തമാക്കുന്നു.
300 കോടി ക്ലബ്ലിലെത്തുന്ന ആറാമത്തെ തമിഴ് ചിത്രമാണ് പിഎസ്-1. എന്തിരൻ, 2.0, കബാലി, ബിഗിൽ, വിക്രം എന്നീ ചിത്രങ്ങളാണ് നേരത്തെ 300 കോടി ക്ലബ്ബിൽ കയറിയത്. 2.0, വിക്രം എന്നീ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് കളക്ഷൻ മാത്രമാണ് ഇനി പിഎസ് -1 മറികടക്കാനുള്ളത്.
വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് ആരാധകരിൽ നിന്നും വിമർശകരിൽ നിന്നും അനുകൂല പ്രതികരണങ്ങളാണ് ലഭിച്ചത്. ഐശ്വര്യറായ് ബച്ചൻ, ചിയാൻ വിക്രം, തൃഷ, ജയംരവി, കാർത്തി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ പ്രകാശ് രാജ്, ജയറാം, പ്രഭു, യുവനടി ഐശ്വര്യലക്ഷ്മി എന്നിവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്.
Comments