തിരുവനന്തപുരം: വിവാദ നോവലായ മീശയ്‌ക്ക് വയലാർ അവാർഡ് പ്രഖ്യാപിച്ച സംഭവത്തിൽ പ്രതികരണവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചർ.വയലാർ അവാർഡ് നിർണ്ണയക്കമ്മിറ്റി അപമാനിച്ചത് ഹിന്ദുക്കളെയല്ല മറിച്ച് വയലാറിനെത്തന്നെയാണെന്നും മലയാളത്തിലെ എഴുത്തുകാരെ ഒന്നടങ്കമാണെന്നും ടീച്ചർ വിമർശിച്ചു.
ഗുരുവായൂരമ്പല നടയിൽ പോകാനും ഗോപുര വാതിൽ തുറന്ന് ഗോപകുമാരനെ കാണാനും മോഹിപ്പിച്ച വയലാറിന്റെ പേരിലുള്ള ഒരു ഫലകം ഒരു തെറിയെഴുത്തുകാരന്റെ സ്വീകരണ മുറിയിൽ കൊണ്ട് വയ്‌ക്കുന്നത് പാൽപ്പായസം സെപ്റ്റിക്ക് ടാങ്കിൽ വിളമ്പുന്നതിന് തുല്യമാണ്. ഒരു മൂന്നാം കിട അശ്ലീല നോവലിനെ അവാർഡിന് തിരഞ്ഞെടുത്തതിലൂടെ മലയാളത്തിലെ മറ്റെഴുത്തുകാരെല്ലാം അതിലും മോശക്കാരാണെന്ന ധ്വനിയാണ് സൃഷ്ടിക്കുന്നതെന്നും ശശികല ടീച്ചർ കുറ്റപ്പെടുത്തി.
സ്ത്രീകളുടെ മഹത്വം പറഞ്ഞ് പണ്ട് ചാക്കിൽ കേറി പ്രതിഷേധിച്ച സാറാ ജോസഫിൽ നിന്ന് സ്ത്രീകളെ അപമാനിച്ച ഒരു കൃതിക്ക് ബഹുമതി എന്നത് വിരോധാഭാസമാണ്. ഹിന്ദു വിരുദ്ധതയ്‌ക്ക് സമ്മാനം കൊടുക്കണമെങ്കിൽ ആകാം, പക്ഷേ അത് വയലാറിന്റെ പേരിൽ ആകരുതായിരുന്നു. ഈ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്നും ശശികല ടീച്ചർ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ഏറെ വിവാദമായ നോവലാണ് എസ് ഹരീഷിന്റെ മീശ. സ്ത്രീകൾ കുളിച്ചൊരുങ്ങി ക്ഷേത്രത്തിൽ പോകുന്നത് ലൈംഗിക തൃഷ്ണ കാണിക്കാനാണ് എന്നതും, ആർത്തവദിനങ്ങളിൽ പോകാത്തത് ആ ദിവസങ്ങളിൽ ലൈംഗികത സാധ്യമല്ലാത്തതു കൊണ്ടാണെന്നും,പൂജാരിമാർ ഇതിൽ ആഗ്രഗണ്യരാണെന്നുമുള്ള തരത്തിലുള്ള സംഭാഷണമാണ് വിവാദമായത്. നിരവധി പേർ നോവലിനെതിരെ രംഗത്തെത്തുകയും പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Comments