കോഴിക്കോട്; എഴുത്തുകാരൻ എസ് ഹരീഷിന്റെ വിവാദ നോവലായ മീശയ്‌ക്ക് വയലാർ അവാർഡ് പ്രഖ്യാപിച്ച സംഭവത്തിൽ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അവാർഡുകൾ ഇഷ്ടക്കാർക്കു നൽകുന്നത് കേരളത്തിൽ പുതിയ കാര്യമല്ല. അവാർഡുകൾ ചിലരെ പരിഹസിക്കാനും ആക്ഷേപിക്കാനുമായി നൽകുന്നതാണ് കേരളത്തിന്റെ പുതിയ രീതിയെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
മീശ മഹത്തായ സൃഷ്ടിയാണെന്നും കേരളത്തിൽ അത് വലിയ ചലനങ്ങളുണ്ടാക്കിയെന്നുമാണ് ജൂറിയുടെ കണ്ടുപിടുത്തം. സാറാജോസഫും ജെയിംസും രാമൻകുട്ടിയുമടങ്ങുന്ന അവാർഡ് നിർണ്ണയ സമിതി ഇതിനുമുമ്പുള്ള വയലാർ അവാർഡുകളും അവാർഡിനാധാരമായ കൃതികളും ഒരുവട്ടം ഓർക്കുന്നത് നല്ലതാണെന്ന് അദ്ദേഹം വിമർശിച്ചു.
ലളിതാംബിക അന്തർജ്ജനം മുതൽ ബന്യാമിൻ വരെയുള്ള അവാർഡു ജേതാക്കൾക്കളുടെ നീളുന്ന പട്ടികയും കൃതികളും. തകഴിക്കും വൈലോപ്പിള്ളിക്കും ഒ. എൻ വിക്കും സുഗതകുമാരിക്കും എം. ടി. ക്കും അഴീക്കോടിനും കെ. സുരേന്ദ്രനും മാധവിക്കുട്ടിക്കും ടി. പത്മനാഭനും വിഷ്ണുനാരായണൻ നമ്പൂതിരിക്കും ലീലാവതിക്കുമടക്കം അവരവരുടെ ഉദാത്തമായ സൃഷ്ടികളെ അധികരിച്ചാണ് അവാർഡുകൾ നൽകിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എസ് ഹരീഷിന് അവാർഡ് ലഭിച്ചത് അദ്ദേഹത്തിന്റെ നിലപാടിനാണ്. മീശ ഏത് മൂശയിലാണ് വാർത്തതെന്ന് മനസ്സിലാക്കാനുള്ള വിവേകമൊക്കെ മലയാളിക്കുണ്ടെന്നേ പറയാനുള്ളൂ. ഇങ്ങനെ പോയാൽ പോരാളി ഷാജിക്കും അവാർഡുകിട്ടുന്ന കാലം വിദൂരമല്ലെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
വയലാർ അവാർഡ് പ്രഖ്യാപനത്തെ വിമർശിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചർ രംഗത്തെത്തിയിരുന്നു. വയലാർ അവാർഡ് നിർണ്ണയക്കമ്മിറ്റി അപമാനിച്ചത് ഹിന്ദുക്കളെയല്ല മറിച്ച് വയലാറിനെത്തന്നെയാണെന്നും മലയാളത്തിലെ എഴുത്തുകാരെ ഒന്നടങ്കമാണെന്നും ടീച്ചർ വിമർശിച്ചു.ഗുരുവായൂരമ്പല നടയിൽ പോകാനും ഗോപുര വാതിൽ തുറന്ന് ഗോപകുമാരനെ കാണാനും മോഹിപ്പിച്ച വയലാറിന്റെ പേരിലുള്ള ഒരു ഫലകം ഒരു തെറിയെഴുത്തുകാരന്റെ സ്വീകരണ മുറിയിൽ കൊണ്ട് വയ്‌ക്കുന്നത് പാൽപ്പായസം സെപ്റ്റിക്ക് ടാങ്കിൽ വിളമ്പുന്നതിന് തുല്യമാണ്. ഒരു മൂന്നാം കിട അശ്ലീല നോവലിനെ അവാർഡിന് തിരഞ്ഞെടുത്തതിലൂടെ മലയാളത്തിലെ മറ്റെഴുത്തുകാരെല്ലാം അതിലും മോശക്കാരാണെന്ന ധ്വനിയാണ് സൃഷ്ടിക്കുന്നതെന്നും ശശികല ടീച്ചർ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ഏറെ വിവാദമായ നോവലാണ് എസ് ഹരീഷിന്റെ മീശ. സ്ത്രീകൾ കുളിച്ചൊരുങ്ങി ക്ഷേത്രത്തിൽ പോകുന്നത് ലൈംഗിക തൃഷ്ണ കാണിക്കാനാണ് എന്നതും, ആർത്തവദിനങ്ങളിൽ പോകാത്തത് ആ ദിവസങ്ങളിൽ ലൈംഗികത സാധ്യമല്ലാത്തതു കൊണ്ടാണെന്നും,പൂജാരിമാർ ഇതിൽ അഗ്രഗണ്യരാണെന്നുമുള്ള തരത്തിലുള്ള സംഭാഷണമാണ് വിവാദമായത്. നിരവധി പേർ നോവലിനെതിരെ രംഗത്തെത്തുകയും പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
















Comments