ന്യൂഡൽഹി: മിസൈലുകളും ഡ്രോണുകളും കൈകാര്യം ചെയ്യാൻ പ്രത്യേക വിഭാഗം രൂപീകരിക്കാനൊരുങ്ങി വ്യോമസേന. നിരീക്ഷണ, യുദ്ധ ഡ്രോണുകൾ ഉൾപ്പെടെ ഈ വിഭാഗത്തിന് കീഴിലാകും. സേനയുടെ കാര്യക്ഷമത ഉയർത്താനും പ്രഹരശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നീക്കം. കൂടാതെ പുതിയ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ആയുധങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും പ്രയോജനപ്പെടുത്താനും ഇതിലൂടെ സാദ്ധ്യമാകുമെന്നാണ് വിലയിരുത്തൽ.
സ്വാതന്ത്ര്യത്തിന് ശേഷം ഇത് ആദ്യമായിട്ടാണ് വ്യോമസേനയിൽ പുതിയ വിഭാഗം രൂപീകരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നൽകിയിരുന്നു. 2023 അവസാനത്തോടെ പുതിയ വിഭാഗം രൂപീകരിക്കും. സേനാംഗങ്ങൾക്ക് പരിശീലനം നൽകുന്നതിനായി വലിയ ചിലവാണ് വ്യോമസേനയ്‌ക്ക് ഉണ്ടാകാറുള്ളത്. പുതിയ വിഭാഗം നിലവിൽവരുന്നതോടെ ചിലവ് കുറയ്‌ക്കുക കൂടിയാണ് ലക്ഷ്യം. 3400 കോടി രൂപയോളം ഇത്തരത്തിൽ ലാഭിക്കാൻ സാധിക്കുമെന്ന് വ്യോമസേനാ മേധാവി വി.ആർ ചൗധരി പറഞ്ഞു.
വെപ്പൺ സിസ്റ്റംസ് ബ്രാഞ്ച് എന്നാകും പുതിയ വിഭാഗം അറിയപ്പെടുക. മിസൈലുകൾ, മറ്റ് വ്യോമ നിരീക്ഷണ സംവിധാനങ്ങൾ, ഡ്രോണുകൾ, ബഹിരാകാശ അധിഷ്ഠിത സംവിധാനങ്ങൾ എന്നിവ പുതിയ വിഭാഗമാകും കൈകാര്യം ചെയ്യുക. ഭൂമിയിൽ നിന്നും ആകാശത്ത് നിന്നും പ്രയോഗിക്കാവുന്ന ആയുധങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനാണ് ഇത് വഴിയൊരുക്കുക. ആയുധങ്ങളുടെ മികച്ച പരിപാലനവും വിനിയോഗവും കാര്യക്ഷമത വർദ്ധിപ്പിക്കലുമൊക്കെ ഇതിലൂടെ സാധിക്കും.
വനിതാ-പുരുഷ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ടാകും പുതിയ വിഭാഗം.
ലഫ്. ജനറലിന് തുല്യമായ എയർ മാർഷൽ റാങ്കിലുളള ഉദ്യോഗസ്ഥനാകും ഈ വിഭാഗത്തിന് നേതൃത്വം നൽകുക. ഇതിന് നാല് ഉപവിഭാഗങ്ങൾ ഉണ്ടാകും. ഫ്ളയിംഗ്, റിമോട്ട്, ഇന്റലിജൻസ്, സർഫേസ് എന്നിവയാകും നാല് ഉപവിഭാഗങ്ങൾ. നിലവിൽ മിസൈലുകൾ പ്രവർത്തിപ്പിക്കുന്നത് വ്യോമസേനയിലെ പൈലറ്റുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ്. ഈ സാഹചര്യത്തിലാണ് ഇത്തരം ആയുധങ്ങൾ കൈകാര്യം ചെയ്യാൻ സ്‌പെഷലൈസ്ഡ് കേഡർ രൂപീകരിക്കാനുളള ആലോചനയിലെത്തിയത്.
പുതിയ വിഭാഗം നിലവിൽ വരുന്നതോടെ കൂടുതൽ ആധുനീക ആയുധങ്ങളും സേനയുടെ ഭാഗമാക്കാൻ കഴിയും.
Comments