സ്കൂളിൽ നിന്ന് വിനോദയാത്രയ്‌ക്ക് പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപത് പേരാണ് കൊല്ലപ്പെട്ടത്. ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് റിപ്പോർട്ട്. തുടർന്ന് കരിമ്പട്ടികയിൽ കിടക്കുന്ന ബസിനും ഡ്രൈവർക്കും നേരെ വ്യാപക വിമർശനങ്ങളും ഉയർന്നു. എന്നാൽ ഇത്തരം അപകടങ്ങളുടെ പ്രധാന കാരണം കുട്ടികളുടെ താത്പര്യങ്ങളിലുള്ള വ്യത്യാസം കാരണമാണെന്ന് ഓർമ്മപ്പെടുത്തുന്ന കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
സ്‌കൂളിൽ നിന്ന് എങ്ങോട്ട് ടൂർ പോകണമെന്നും എന്തൊക്കെ ചെയ്യണമെന്നും തീരുമാനിക്കുന്നത് വിദ്യാർത്ഥികളാണെന്നും അദ്ധ്യാപകർക്ക് ഇതിലൊന്നും ഒരു പങ്കുമില്ലെന്നും കുറിപ്പിൽ പറയുന്നു. പഠനയാത്രകൾ വിനോദയാത്രകളായി മാറുകയും ബസ്സ് നടത്തിപ്പുകാരുടെ സംഘം, വാട്ടർ തീം പാർക്കുപോലെയുള്ള സ്ഥാപനങ്ങളുമായി സന്ധികളിൽ ഏർപ്പെടുകയും ചെയ്തതോടെ വിനോദയാത്ര എന്ന സംഗതിയുടെ സ്വഭാവം മാറി.
പലയിടത്തും അദ്ധ്യാപകർക്ക് ടൂറുകൾ പ്ലാൻ ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഇപ്പോൾ വലിയ പങ്കാളിത്തമില്ല. മുതിർന്ന കുട്ടികളുടെ സംഘമായിരിക്കും ഇത് ചെയ്യുക. അവർ, അവർക്ക് താത്പര്യമുള്ള ബസ് ബുക്ക് ചെയ്യും. പിന്നെയെല്ലാം ബസുകാർ പറയുന്ന രീതിയ്‌ക്കാണ് കാര്യങ്ങൾ നടക്കുക.
വിനോദയാത്ര പോകാൻ വിദ്യാർത്ഥി പ്രതിനിധികൾ ആവശ്യപ്പെടുന്നത് കൂടുതലും ബസിലെ നീണ്ട യാത്രയാണ്. സ്ഥലങ്ങളോ സ്മാരകങ്ങളോ മ്യൂസിയങ്ങളോ കോട്ടകളോ കാണുന്നതിലൊന്നും അവർക്ക് യാതൊരു കൗതുകവും ഇല്ല. രാത്രി മുഴുവൻ യാത്ര ചെയ്ത് വീഗാലാൻഡിൽ പോവുക വെള്ളത്തിൽ കളിച്ച് നനഞ്ഞ് കുഴഞ്ഞ് അലറിവിളിച്ചും ഡാൻസു കളിച്ചും ഒച്ചയടച്ച് തിരിച്ചെത്തുക എന്നതാണ് പൊതുനയം. ഇതിനു അദ്ധ്യാപകർ അനുവാദം നൽകേണ്ട കാര്യമൊന്നും കുട്ടികൾക്കില്ലെന്നതും വാസ്തകവമാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
ഹയർ സെക്കന്ററി തലത്തിൽ അടുത്തകാലത്തുണ്ടായ പലതരം പേടിസ്വപ്നങ്ങളിൽ (അദ്ധ്യാപകർക്ക്) ഒന്നാണ് വിനോദയാത്രകൾ. മുൻപൊരിക്കൽ അപകടം ഉണ്ടായതിനെതുടർന്ന് യാത്ര പോകുന്ന കുട്ടികളുടെ പേരുവിവരങ്ങൾ ആർ ഡി ഡി ഓഫീസിൽ ഏൽപ്പിക്കുക, (എന്തിനോ?) പിടിഎ സമിതിയിൽനിന്ന് രക്ഷാകർത്താക്കളെ കൂടെ കൂട്ടുക, രക്ഷിതാക്കളിൽനിന്ന് സമ്മതപത്രം വാങ്ങി സൂക്ഷിക്കുക, രാത്രി യാത്ര പറ്റുമെങ്കിൽ ഒഴിവാക്കുക തുടങ്ങി പലതരം നിർദ്ദേശങ്ങൾ ഉണ്ട്. കുട്ടികളുമായി പോകുന്ന ഏർപ്പാട് പലതരത്തിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ സാധ്യതയുള്ളതുകൊണ്ട് ഇതെല്ലാം അക്ഷരം പ്രതി പാലിക്കാറുമുണ്ട്.. ഇല്ലെങ്കിൽ കുഴപ്പങ്ങൾ വേറെയാണ്.
ഹയർ സെക്കന്ററിയിൽ കുട്ടികളുടെ പ്രധാന പരിപാടികളിലൊന്നാണ് വിനോദയാത്ര. മറ്റുള്ളവ, ഓണ -ക്രിസ്മസ് ആഘോഷങ്ങൾ, രണ്ടാം വർഷത്തിനൊടുവിലെ യാത്രയപ്പ്.. ഇവ പിള്ളാരുടെതന്നെ മേൽനോട്ടത്തിൽ നടത്തുന്ന പരിപാടികളായതുകൊണ്ട് പലപ്പോഴും ഭൂരിപക്ഷം കുട്ടികളും സ്‌കൂളുകളിൽ വരുന്നതുതന്നെ ഇവയ്‌ക്കുവേണ്ടിയാണെന്നു തോന്നാറുണ്ട്.
പഠനയാത്രകൾ വിനോദയാത്രകളായി മാറുകയും ബസ്സു നടത്തിപ്പുകാരുടെ സംഘം, വാട്ടർ തീം പാർക്കുപോലെയുള്ള സ്ഥാപനങ്ങളുമായി സന്ധികളിൽ ഏർപ്പെടുകയും ചെയ്തതോടെ വിനോദയാത്ര എന്ന സംഗതിയുടെ സ്വഭാവം മാറി. 2010 ലോ മറ്റോ പഠനയാത്ര എന്ന മട്ടിൽ സ്‌കൂളിൽനിന്ന് ഒരു യാത്രപോയതോർമ്മയുണ്ട്. അതിനുശേഷം എല്ലാം പിള്ളാരുടെ നിർബന്ധം അനുസരിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ്. ടെയിലർ മെയിഡ് യാത്രകൾ ടൂർ ഓപ്പറേറ്റർമാർ കൊണ്ടുവന്നത് സൗകര്യമായി എന്ന മട്ടിലാണ് അദ്ധ്യാപകർ, പല സ്‌കൂളുകളിലും അദ്ധ്യാപികമാരാണ് ഭൂരിപക്ഷം (ഇപ്പോൾ അദ്ധ്യാപകന്മാരില്ലാത്ത സ്‌കൂളുകളും ഉണ്ട്) അപ്പോൾ ടെയിലർ മേഡുകൾ അവർക്ക് ആദ്യമൊക്കെ ഒരനുഗ്രഹമായിരുന്നു.
പലയിടത്തും അദ്ധ്യാപകർക്ക് ടൂറുകൾ പ്ലാൻ ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഇപ്പോൾ വലിയ പങ്കാളിത്തമില്ല. അങ്ങനെ ഒരാളെ സ്റ്റാഫ് മീറ്റിങ് തിരഞ്ഞെടുത്തു പേരിനു വയ്‌ക്കുമെന്നേയുള്ളൂ. ചിലയിടങ്ങളിൽ മുതിർന്ന കുട്ടികളുടെ സംഘമാണ് ബസ്സ് ബുക്കു ചെയ്യുന്നതും സ്ഥലങ്ങൾ തീരുമാനിക്കുന്നതും. അതിനു കുടപിടിക്കുന്നത് ടൂർ കണ്ടക്ടേഴ്‌സും -ബസുകാരും ചേർന്ന സംഘമാകുന്നു. ടൂർ നടത്തിക്കൊടുക്കുക കോളേജിലെ ചില വിദ്യാർത്ഥികളുടെ എന്റ്രെപ്രെനോർഷിപ്പാണ്. അവരുടെ വരുമാനമാർഗമാണത്. എന്നാൽ ടൂറു തുടങ്ങിക്കഴിഞ്ഞാൽ അകമ്പടി പോകുന്ന അദ്ധ്യാപകരേക്കാൾ അവർ തങ്ങളുടെ ഉപയോക്താക്കളായ കുട്ടികളെ അനുസരിക്കുന്ന അവസ്ഥയുണ്ട്. ഏതു ബസ്സാണ് അടിപൊളിയെന്ന് കുട്ടികളാണ് അടുത്ത സ്‌കൂളിലെ കൂട്ടുകാർക്ക് വിവരം നൽകുന്നത്. ആ പ്രചാരം കച്ചവടത്തെ എങ്ങനെ സഹായിക്കുമെന്ന് മുന്നിൽ കണ്ടുകൊണ്ടുള്ള മുൻഗണനയാണ്. ഏതു പാട്ടു വയ്‌ക്കണമെന്ന്, എത്ര ഉച്ചത്തിൽ വയ്‌ക്കണമെന്നുള്ളത്, എവിടെ നിർത്തിക്കൊടുക്കണമെന്നുള്ളത് എല്ലാം ബസ്സിലെ ചേട്ടന്മാരുമായി ആലോചിച്ച് കുട്ടികൾ ചെയ്യുന്നു. ഉറപ്പില്ല, രാത്രി താമസിക്കുന്ന സ്ഥലത്ത് പിള്ളാർക്ക് ആവശ്യമായ സാധനങ്ങൾ കൊടുക്കുന്നത് (ബസ്സിൽ ബാഗു പരിശോധനയ്‌ക്കു ശേഷമാണ് കുട്ടികളെ കയറ്റുന്നത് എന്നൊരു ചടങ്ങുണ്ട്) ബസ്സിലെ ചേട്ടന്മാരാണ് എന്നും കിംവദന്തിയുണ്ട്. അങ്ങനെയും ചില അനുഭവങ്ങളുണ്ട്.
കഴിഞ്ഞ പ്രാവശ്യം തിരിച്ചുള്ള യാത്രയ്‌ക്കിടയിൽ രാത്രി രണ്ടു മണിക്കോ മറ്റോ ഉച്ചത്തിൽ പാട്ടുവച്ചതിനു വഴക്കുണ്ടാക്കിയത് ഓർമ്മയുണ്ട്. കുട്ടികൾ പറയാതെ പാട്ടു നിർത്തില്ലെന്ന നയമാണ് ബസുകാർ എടുത്തത്. അവസാനം അല്പം ശബ്ദം കുറച്ച് ഒത്തുതീർപ്പാക്കി. വിനോദയാത്ര സമയമാകുമ്പോൾ വിദ്യാർത്ഥി പ്രതിനിധികൾ ആവശ്യപ്പെടുന്നത് കൂടുതലും ബസിലെ നീണ്ട യാത്രയാണ്. സ്ഥലങ്ങളോ സ്മാരകങ്ങളോ മ്യൂസിയങ്ങളോ കോട്ടകളോ കാണുന്നതിലൊന്നും അവർക്ക് യാതൊരു കൗതുകവും ഇല്ല. രാത്രി മുഴുവൻ യാത്ര ചെയ്ത് വീഗാലാൻഡിൽ (അതുപോലെ..) പോവുക വെള്ളത്തിൽ കളിച്ച് നനഞ്ഞ് കുഴഞ്ഞ് അലറിവിളിച്ചും ഡാൻസു കളിച്ചും ഒച്ചയടച്ച് തിരിച്ചെത്തുക എന്നതാണ് പൊതുനയം. ഇതിനു അദ്ധ്യാപകർ അനുവാദം നൽകേണ്ട കാര്യമൊന്നും കുട്ടികൾക്കില്ല, കുട്ടികൾ രക്ഷാകർത്തൃസമിതി പ്രസിഡന്റിനെ വിളിച്ച് കാര്യങ്ങൾ ശരിയാക്കിക്കൊള്ളും.
ഏതെങ്കിലും അദ്ധ്യാപകർ മുൻ അനുഭവം വച്ച് പോകാൻ വയ്യെന്നു പറഞ്ഞാൽ കണ്ണുരുട്ടാനും മേലുദ്യോഗസ്ഥരെ അറിയിച്ച് ഭീഷണിപ്പെടുത്താനുംവരെ പുറത്ത് ആളുണ്ട്. ഇപ്പോൾ സ്‌കൂളുകളിൽ എന്തു വേണം എന്നു തീരുമാനിക്കുന്നത് പി ടി എ പ്രസിഡന്റും (അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ബന്ധങ്ങൾ കാര്യങ്ങളെ കളർഫുൾ ആക്കും) മറ്റുള്ളവരുമാണ്. സ്‌കൂളിൽ എന്തെല്ലാം പരിപാടികൾ കൊണ്ടുവരണമെന്നും ആരൊക്കെ ചുമതല ഏറ്റെടുക്കണമെന്നും വരെ തീരുമാനിക്കുന്നത് സോഷ്യൽ ഓഡിറ്റിങ് ഗ്രൂപ്പാണ് പുറമേയ്‌ക്കില്ലെങ്കിലും ആരെയാണ് അനുസരിക്കേണ്ടത്, ആരെയാണ് വകവയ്‌ക്കേണ്ടതില്ലാത്തത് എന്നൊക്കെയുള്ള സന്ദേശം കൃത്യമായി കുട്ടികൾക്ക് ഈ പ്രവണത നൽകുന്നുണ്ട്.
ക്ലാസിൽ ഇരിക്കുന്ന കുട്ടികളല്ല യാത്ര ചെയ്യുന്ന ബസ്സിനകത്ത്, പ്രത്യേകിച്ചും രാത്രി കാലങ്ങളിൽ ഉച്ചത്തിലുള്ള പാട്ടും തുള്ളിക്കളിയും അവരെ ഭ്രാന്തമായ അവസ്ഥയിൽ എത്തിക്കാറുണ്ട്. പച്ചത്തെറിയിലൂടെയാണ് വിനിമയം. മുന്നിലേക്കും പിറകിലേക്കും നടക്കുന്നതിനിടയിൽ ശക്തമായി തന്നെ അദ്ധ്യാപകരെ തട്ടിക്കൊണ്ട് നടക്കും.. ആദ്യത്തെ സോറിയുടെ വിനയം കളിച്ചൊരു പരുവമെത്തുമ്പോൾ മാറും. തുള്ളിക്കളിച്ചുകൊണ്ടിരുന്ന പെൺകുട്ടികളെ സീറ്റിലിരിക്കാൻ നിർബന്ധിച്ച ഒരു അദ്ധ്യാപകയോട് ”പോടീ കിളവി” എന്നുതന്നെ ഒരു കുട്ടി പറഞ്ഞു. അതോടെ അവരുടെ ഉത്സാഹം തീർന്നു. യാത്ര തീരുവോളം സീറ്റിലൊരിടത്ത് തൻ കാര്യം നോക്കി മനോരാജ്യത്തിൽ മുഴുകിയിരിക്കുകയല്ലാതെ അവർ മറ്റൊന്നും ചെയ്തിട്ടില്ല. ഞങ്ങളുടെ പൈസക്ക് ഓസിനു വന്നിട്ട് സാറന്മാർ ഞങ്ങളെ ഭരിക്കുന്നോ എന്ന ഭാവമാണ് ബസിനകത്ത് കുട്ടികൾക്ക്.
കോവിഡിനു മുൻപുള്ള ഒരു യാത്രയിൽ തിരിച്ചു വരുന്നതിനു മുൻപ് രാത്രി ആഹാരത്തിൽ ചിക്കനുണ്ടായിരുന്നില്ല എന്നും പറഞ്ഞ് വഴിയിൽ നിർത്തി ഷെയിക്ക് വാങ്ങിക്കുടിച്ച് കൂട്ടുകാർക്കും കൊടുത്ത് പിള്ളേർ ഉണ്ടാക്കി വച്ചത് വലിയ സാമ്പത്തിക ബാധ്യതയാണ്. പലപ്പോഴും ആഹാര കാര്യം നടത്തിപ്പുകാരനായ സാറിന്റെ കൈയിൽനിന്ന് പോകാറുണ്ട്. ടൂറിന്റെ ചുമതല വഹിക്കുകയും പണപ്പെട്ടി കയ്യിൽ സൂക്ഷിക്കുകയും ചെയ്യുന്ന അദ്ധ്യാപകർ ടൂറുകഴിഞ്ഞു വന്ന് മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ ഒരാഴ്ച മരുന്നു കഴിയ്‌ക്കേണ്ടതായി വരും എന്നാണ് സാക്ഷിമൊഴി. ഹയർ സെക്കന്ററി അദ്ധ്യാപകർക്ക് ”കൊറേ പണം അനർഹമായി ശമ്പളമായി കിട്ടുന്നുണ്ടല്ലോ” എന്ന പൊതുബോധം ശക്തമായതിനാൽ ബാക്കി വരുന്നതു പങ്കിട്ട് മാനം രക്ഷിക്കും.
ബസിൽ രസകരമായ ഫ്‌ലെക്‌സുകൾ തൂക്കുക എന്നതാണ് മറ്റൊരു പുതിയ നയം. അതിൽ ചിലത് സഭ്യതയുടെ അതിരു ഭേദിക്കുന്നതായിരിക്കും. ”ഞങ്ങളുടെ ഇടയിലും പണിയറിയാവുന്നവരുണ്ട് ‘ എന്ന് പോൺ സ്റ്റാർ ജോണി സിൻസിന്റെ (ജോണിക്കുട്ടൻ എന്നാണ് ഓമനപ്പേര്) പടവും താഴെ സ്‌കൂളിന്റെ പേരും എഴുതിയ ഫ്‌ലക്‌സും തൂക്കിയിട്ട് നടത്തുന്ന യാത്ര നൽകുന്ന സന്ദേശമെന്താണ്? മുൻപ് യാത്രയുടെ തുടക്കത്തിൽ കുട്ടികൾ തന്നെ കേറി ബസിൽ കെട്ടിയ ഇതുപോലെ ദ്വയാർത്ഥമുള്ള ഫ്‌ലക്‌സ് അഴിക്കണമെന്ന് പ്രിൻസിപ്പാൾ പറഞ്ഞതിന് കാര്യങ്ങൾ കയ്യാങ്കളിയോളം എത്തി. രക്ഷാകർത്താക്കൾ നോക്കി നിൽക്കുമ്പോൾ തന്നെ. ഞങ്ങളുടെ പണം കൊണ്ടു പോകുന്ന ടുർ ബസിൽ എന്തു ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും എന്നായിരുന്നു അവരുടെ നിലപാട്. ബസ്സിലെ ചേട്ടന്മാർ അവർക്ക് സപ്പോർട്ടാണ്. കുട്ടികളല്ലേ സാറേ അവരുടെ സന്തോഷമല്ലേ പ്രധാനം എന്നവരുടെ മധ്യസ്ഥതയും. അവസാനം ഫ്‌ലെക്‌സോടെ തന്നെ യാത്ര തുടർന്നു.
മറ്റൊരിക്കൽ വാട്ടർ ബോട്ടിലിൽ മറ്റെന്തോ സാധനവും കൊണ്ടു വന്ന ഒരാൾ ആവേശം മൂത്തു നേരത്തേ കുടിച്ചുപോയതുകൊണ്ട് കുഴഞ്ഞ ഛർദ്ദിച്ച് അവശനായി. അവനെ കൊണ്ടുപോകാതെ ബസു വിടാൻ പറ്റില്ലെന്ന് കൂട്ടുകാർ. അവസാനം അവന്റെ വീട്ടുകാരെ വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി തിരിച്ചയക്കാൻ കഴിഞ്ഞതുകൊണ്ട് അസ്വാരസ്യത്തോടെ കുറച്ചു വൈകി യാത്ര തുടങ്ങാൻ പറ്റി. സംരക്ഷിത സ്മാരകത്തിൽ ചെങ്കല്ലും ഇലയും കൊണ്ട് സ്‌കൂളിന്റെ പേരെഴുതിവച്ചവരുണ്ട്. ഫൈനടച്ച് രക്ഷപ്പെട്ടു. പക്ഷേ അധിക്ഷേപം മുഴുവൻ അച്ചടക്കമില്ലാത്ത കുട്ടികളെയും കൊണ്ട് ടൂറു വന്ന അദ്ധ്യാപകർക്ക്. വിദേശികൾ ഉൾപ്പടെയുള്ളവരുടെ തെറി അന്ന് കേട്ടു.
ഇതെല്ലാം സാമാന്യമായി എല്ലാവരുടെയും അനുഭവമായിരിക്കണമെന്നില്ല. ഞങ്ങൾ വരച്ച വരയിൽ കുട്ടികൾ നിരന്നു നിൽക്കും പറഞ്ഞാൽ ഇരിക്കും എന്നു പറയുന്ന അദ്ധ്യാപകരും ഉണ്ടെന്ന കാര്യം മറക്കുന്നില്ല. സ്‌കൂളുകളുടെ കാര്യത്തിലും ഉണ്ട് വ്യത്യാസം.
എന്നാൽ പൊതുവായി ഹയർ സെക്കന്ററിയിലെ കുട്ടികൾക്കിടയിൽ അവരുടെ പ്രായവും വാസനകളും താത്പര്യങ്ങളും ബാഹ്യമായ ഇടപെടലുകളും അടച്ചിരിപ്പും അങ്ങനെ പലതും ചേർന്നു രൂക്ഷമാക്കുന്ന വിഷമങ്ങളുണ്ട്. വിനോദയാത്രാപ്രശ്‌നം പല ഘടകങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. സ്‌കൂളിലെ പൊതുവായ അച്ചടക്കം, കാര്യങ്ങളുടെ നിയന്ത്രണം ആർക്ക് എന്നുള്ളത്, വിനോദയാത്ര ആരുടെ അജണ്ടയും ലാഭവുമാണ് എന്നുള്ളത് .. കൗമാരപ്രായക്കാർ ക്ലാസ് മുറിക്കുള്ളിൽ പകൽ മുഴുവൻ ഒതുങ്ങിയിരിക്കുകയാണ്. അവർക്ക് സ്വയം അഴിച്ചുവിടാൻ കിട്ടുന്ന ഒരു സന്ദർഭമാണ് ആഘോഷങ്ങൾ ഓടുന്ന വണ്ടി വിദേശരാജ്യമാണ്. കുറച്ചു സമയം അവർ അവരുടെ റിപ്പബ്ലിക്കിൽ ജീവിക്കാൻ തീരുമാനിക്കുന്നു. അതെന്താണെന്ന് മനസിലാകാതെ പല സഹായങ്ങളും പുറത്തുനിന്ന് അവർക്കു കിട്ടുന്നു. സ്‌കൂളിലെ നിയന്ത്രണങ്ങൾ പൊതുവായുള്ള സാമൂഹിക സുരക്ഷ മുൻ നിർത്തിയായാലും അവർക്ക് മനസ്സിലാവില്ല.
ഒന്നാലോചിച്ചു നോക്കിയാലറിയാം സിനിമാറ്റിക് ഡാൻസ് സ്‌കൂളുകളിൽ നിരോധിച്ചിട്ടുണ്ട്. സിനിമാപ്പാട്ടിനനുസരിച്ച് ചുവടുവയ്‌ക്കാൻ കിട്ടുന്ന അവസരം ബസിനകത്ത് പരമാവധി മുതലാക്കും. വർഷം മുഴുവൻ മുഷിഞ്ഞ യൂണിഫോമിനകത്തിരുന്ന് ഞെരുങ്ങുന്നവർ വിനോദായാത്രാ ദിവസം അവരുടെ സ്വാതന്ത്ര്യം ആഘോഷിക്കുന്നു. പഠനയാത്രകൾ തിരിച്ചുകൊണ്ടുവരണം. പാഠഭാഗവും പ്രോജക്ടുകളുമായി ബന്ധപ്പെട്ട, ചെറിയ ഗ്രൂപ്പുകളായുള്ള യാത്രകളാണ് സ്‌കൂളിൽനിന്നും വേണ്ടത്. അടിച്ചുപൊളിയാത്രകൾക്കും കുട്ടികളുടെ മാനസികോല്ലാത്തിനുമായുള്ള പരിപാടികൾ വേറെ ആസൂത്രണം ചെയ്യണം. അവർക്ക് തുള്ളികളിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും കൂട്ടുകൂടാനുമുള്ള മറ്റു സാഹചര്യങ്ങളുണ്ടാകണം. അല്ലാതെ മാനസിക ആവേഗങ്ങളെയും അടിച്ചമർത്തപ്പെട്ട വാസനകളെയും തുറന്നുവിടാനുള്ള അവസരമായി ഏതെങ്കിലും സ്‌കൂൾ സംരംഭം മാറുന്നത് തീർത്തും ആശാസ്യമല്ല.
സ്‌കൂൾ വിനോദയാത്രകളുടെ പ്രശ്‌നം വേഗനിയന്ത്രണപ്പൂട്ടിട്ടോ ഭാഗ്യം ഇല്ലാത്ത ഒരു ഡ്രൈവറെ വളഞ്ഞിട്ട് ആക്രമിച്ചോ തീർക്കാവുന്നതുമല്ല.
Comments