തടി കുറയ്‌ക്കാനായി ഭക്ഷണം നിയന്ത്രിക്കുകയും വ്യായാമം ചെയ്യുകയും ചിലപ്പോൾ പട്ടിണി വരെ കിടക്കുന്നവരാണ് മിക്കവരും. അത്രമേൽ കൊതിയുള്ള ഭക്ഷണം വരെ വേണ്ടെന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ച് നിയന്ത്രിച്ച് നിർത്തുന്നവരാണ് എല്ലാവരും. ചിലർ പച്ചവെള്ളം കുടിച്ചാൽ പോലും തടിയ്‌ക്കും. എന്നാൽ മറ്റു ചിലരോ വായും വയറും നിറയെ കഴിച്ചാലും തടിവെയ്‌ക്കില്ല. ഇവരെ തെല്ല് കുശുമ്പോടെ നോക്കി കാണുന്നവരാണ് ഭൂരിഭാഗവും. ഈ ഭാഗ്യവാൻമാർ കഴിച്ചാൽ തടിക്കാത്തതിന്റെ രഹസ്യങ്ങളറിയണോ?
എല്ലാവർക്കും അറിയാവുന്ന കാരണമാണ് ശരീരത്തിന്റെ മെറ്റബോളിസം. എന്നാൽ ഇത് മാത്രമല്ല, ഒരാൾ തടി വെയ്‌ക്കുന്നതിനും മെലിയുന്നതിനുമുള്ള കാരണമെന്ന് പഠനങ്ങൾ തെളിയ്‌ക്കുന്നു. ശരീര പ്രകൃതി, ശരീരത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ അളവുകളിലെ ഏറ്റകുറച്ചിലുകൾ എന്നിവയൊക്കെ ഇതിൽ ഘടകങ്ങളാണ്. ജീവിതരീതിയും ശരീരത്തിന്റെ ഭാരത്തെ നിർണ്ണയിക്കുന്ന ഘടകമാണ്. എത്രത്തോളം കഴിക്കുന്നു എന്നതിനെക്കാൾ എന്ത്, എങ്ങനെ കഴിക്കുന്നു എന്നതും ശരീരഭാരത്തെ ബാധിക്കും.
ജനിതക ഘടനയും ശരീര ഭാരത്തെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഭാരനിയന്ത്രണത്തിൽ ജന്മനായുള്ള ശരീര പ്രകൃതിയും പാരമ്പര്യവും പ്രധാനഘടകങ്ങളാണ്. 2019-ൽ നടത്തിയ പഠനത്തിൽ കുറഞ്ഞ ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) ഉള്ള 1,622 ആളുകളിൽ നിന്നും, കടുത്ത പൊണ്ണത്തടിയുള്ള 1,985 ആളുകളിൽ നിന്നും, സാധാരണ ഭാരമുള്ള 10,433 ആളുകളെയുമാണ് പഠനത്തിന് വിധേയമാക്കിയത്. നിലവിൽ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരാണെങ്കിലും ഭാവിയിൽ അമിത വണ്ണം ഉണ്ടാകാൻ സാധ്യതയുള്ളവരെയും ഗവേഷകർ കണ്ടെത്തിയിരുന്നു. ശരീരഘടന ഭാരത്തിൽ സുപ്രധാന ഘടകമാണെന്ന് പഠനത്തിലൂടെ തെളിഞ്ഞു.
ദിവസവും വ്യായാമം ചെയ്യുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത്തരക്കാർക്ക് തടി കൂടുതലായി കാണില്ല. അതുപോലെ തന്നെ നിത്യവും നടക്കുന്നവരിലും സ്‌പോർട്‌സ്, യോഗ, നൃത്തം എന്നിവ അഭ്യസിക്കുന്നവരിലും അമിതഭാരം കാണില്ല. അതിനാൽ ഈ മേഖലകളിൽ ആക്ടീവായിരിക്കുകയെന്നതും പ്രധാനമാണ്. ജിമ്മിൽ മണിക്കൂറുകൾ ചെലവഴിക്കുന്നതിൽ കാര്യമില്ല. പകരം അതിനൊപ്പം വീട്ടുജോലികളിലും കലോറി കളയാൻ സഹായിക്കുന്ന കഠിനാധ്വാനങ്ങളിൽ ഏർപ്പെടുകയും വേണം.
ഒരാളുടെ ജീവിതരീതിയും ശരീരഭാരത്തെ നിർണ്ണയിക്കുന്നുണ്ട്. കൃത്യമായി ഉറക്കമില്ലാത്തതും, കൃത്യ സമയത്ത് ഭക്ഷണം കഴിക്കാത്തതുമെല്ലാം തന്നെ ശരീരഭാരം കൂട്ടുന്ന കാര്യങ്ങളാണ്. അതുപോലെ കഴിക്കാൻ തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങൾ ,മദ്യപാനം എന്നിവയെല്ലാം തന്നെ നമ്മളുടെ തടിയെ നിർണ്ണയിക്കുന്ന ഘടകങ്ങളാണ്. അതിനാൽ ഇത്തരം കാര്യങ്ങളിലെല്ലാം തന്നെ നമുക്ക് കൃത്യമായ ശ്രദ്ധ അനിവാര്യമാണ്. അൽപാഹാരത്തിനും പട്ടിണിക്കും പിന്നാലെ പോകാതെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ തന്നെ ശരീരഭാരം കുറയ്‌ക്കാമെന്ന് സാരം.
















Comments