ന്യൂഡൽഹി : പഗ്ല നദിയിലൂടെ ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച 317 മൊബൈൽ ഫോണുകൾ പിടികൂടി. വാഴത്തണ്ടിൽ കെട്ടി കടത്താൻ ശ്രമിച്ച ഫോണുകളാണ് അന്താരാഷ്‌ട്ര അതിർത്തിയിൽ വെച്ച് പിടിച്ചെടുത്തത്. തെക്കൻ ബംഗാൾ ഫ്രണ്ടിയറിലുള്ള ലോധിയിലെ ബോർഡർ ഔട്ട് പോസ്റ്റിൽ വെച്ചാണ് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ഇവ പിടിച്ചെടുത്തത്.
38 ലക്ഷത്തിന്റെ ഫോണുകൾ ബംഗ്ലാദേശിലേക്ക് കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഒക്ടോബർ എട്ടാം തീയതി വൈകീട്ട് 5.30 ഓടെ നദിയിലൂടെ വാഴത്തണ്ടുകൾ ഒഴുകിപ്പോകുന്നത് സുരക്ഷാ സേനയുടെ ശ്രദ്ധയിൽ പെട്ടു. ബംഗ്ലാദേശ് ഭാഗത്തേക്കാണ് ഇവ നീങ്ങിയിരുന്നത്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവ പിടിച്ചെടുത്ത് പരിശോധിക്കുകയായിരുന്നു.
പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിൽ ഒളിപ്പിച്ചാണ് 38,83,000 രൂപയുടെ ഫോണുകൾ കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത ഫോണുകൾ പോലീസിന് കൈമാറി. ഭീകര പ്രവർത്തനങ്ങൾക്കായി ഫോണുകൾ ബംഗ്ലാദേശിലേക്ക് കടത്താനായിരുന്നു ശ്രമമെന്നാണ് പ്രാഥമിക നിഗമനം.
Comments