വാടകഗർഭധാരണം, മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത ഒന്നാണിത്. ബോളിവുഡ് താരമായ പ്രിയങ്ക ചോപ്രയും ഭർത്താവും വാടകഗർഭധാരണത്തിലൂടെ അച്ഛനും അമ്മയുമായി എന്ന് കേട്ടപ്പോഴേ ഒന്ന് ഞെട്ടിയവരാണ് നാം മലയാളികൾ. ഇപ്പോഴിതാ തെന്നിന്ത്യൻ താരസുന്ദരിയായ നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും വാടകഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയുമായി എന്ന വാർത്ത കേട്ട് മൂക്കത്ത് വിരൽ വെക്കുകയാണ് അതേ മലയാളികൾ. ജൂൺ മാസത്തിൽ വിവാഹിതരായ ഇവരെങ്ങനെ അച്ചനും അമ്മയുമായി എന്ന ചർച്ചയിലാണ് ആരാധക ലോകം.യഥാർത്ഥത്തിൽ എന്താണ് വാടകഗർഭധാരണം?
നിയമപിന്തുണയുള്ള ഒന്നാണ് വാടകഗർഭധാരണം എന്ന് ആദ്യമേ പറയട്ടെ. എന്നാൽ വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗർഭധാരണം ഇന്ത്യയിൽ നിയമവിരുദ്ധമാണ്. 2019 ലാണ് ഇത് സംബന്ധിച്ച് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്.
നിയമപ്രകാരം ദമ്പതികൾക്ക് അടുത്ത ബന്ധുവിനെ മാത്രമേ വാടകഗർഭധാരണത്തിനായി ഉപയോഗപ്പെടുത്താൻ അനുവാദമുള്ളൂ. നിയമപരമായി വിവാഹം കഴിച്ച്, അഞ്ചുവർഷമായി കുട്ടികളില്ലാത്ത ഇന്ത്യൻ ദമ്പതികൾക്ക് മാത്രമേ വാടകഗർഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിക്കാൻ സാധിക്കൂ. ഗർഭകാലത്തും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമോ പാരിതോഷികങ്ങളോ ഗർഭപാത്രം വാടകയ്‌ക്ക് നൽകുന്നവർ വാങ്ങാൻ പാടില്ലെന്നാണ് നിയമം. പ്രസവിക്കുന്ന സ്ത്രീയല്ല കുഞ്ഞിന്റെ അമ്മ എന്നതാണ് ഈ രീതിയുടെ പ്രത്യേകത.
കുഞ്ഞിനെ ആഗ്രഹിക്കുന്ന സ്ത്രീയുടെ ഗർഭപാത്രത്തിന് കുട്ടികളെ വഹിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വാടകഗർഭധാരണം പ്രയോജനപ്പെടുത്താവുന്നത്.ഗുരുതരമായ മറ്റ് രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും ഈ രീതിയുടെ സഹായം തേടാം.
ഭാഗികരീതി
വാടക ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ അണ്ഡം കുട്ടിയെ വളർത്താൻ ആഗ്രഹിക്കുന്ന പുരുഷന്റെ, അല്ലെങ്കിൽ ഏതെങ്കിലും ദാതാവിന്റെ ബീജത്താൽ ബീജസങ്കലനം ചെയ്യുന്നതാണ് ഈ രീതിയില് പിന്തുടരുന്നത്. കുട്ടിയെ വളർത്തുന്ന ദമ്പതിമാരിൽ ഒരാളുടെ ജനിതകപദാർഥം മാത്രമേ കുഞ്ഞിലുണ്ടാകൂ എന്നതാണ് ഈ രീതിയുടെ പ്രത്യേകത.
പൂർണ്ണരീതി
ടെസ്റ്റ് ട്യൂബ് ശിശുവിന് സമാനമായ രീതിയിൽ അച്ഛന്റെയും അമ്മയുടെയും ഗാമേറ്റ് കോശങ്ങൾ ചേർത്ത് സിക്താണ്ഡം ഉണ്ടാക്കുകയും ഇത് രണ്ടാമതൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. ഇത് മൂലം വളർത്തുന്ന അച്ചന്റെയും അമ്മയുടെയും യഥാർത്ഥ ജനിതക തുടർച്ചയുള്ള കുഞ്ഞുണ്ടാകുന്നു. അച്ഛനോ അമ്മയ്‌ക്കോ പ്രത്യുൽപ്പാദന ശേഷി ഇല്ലെങ്കിൽ ഗാമേറ്റിനെ മറ്റൊരി ദാതാവിൽ നിന്ന് സ്വീകരിക്കുകയും ചെയ്യാം. കുഞ്ഞിന് ഗർഭപാത്രത്തിന്റെ ഉടമയായ അമ്മയുമായി ജൈവികബന്ധം ഇല്ലാത്തതിനാൽ ഇത്തരം അമ്മമാരെ ഗർഭവാഹകർ എന്നാണ് വിളിക്കുക.
ഒരുകാലത്ത് സന്താനലബ്ദിയ്‌ക്കായി വിദേശ ദമ്പതികൾ ഇന്ത്യയിലെ അമ്മമാരെ കാത്തിരുന്നിരുന്നു. താരതമ്യേന വാടകഗർഭധാരണത്തിന് ഇന്ത്യയിൽ ചിലവ് കുറഞ്ഞതിനാലാണ് ഇന്ത്യൻ അമ്മമാരെ തേടി ആളുകളെത്തിയത്. വൻ ലാഭസാധ്യതയുള്ള ഒരു വ്യാപാരമായി വാടകഗർഭധാരണം മാറിയതോടെ ആ മേഖലയിലെ ചൂഷണവും വർധിച്ചു.പിന്നീട് 2016 ലാണ് കേന്ദ്രസർക്കാർ ഇന്ത്യയിൽ വാടകഗർഭധാരണം നിയന്ത്രിക്കുന്ന നിയമം കൊണ്ടുവന്നത്.
ഇന്ത്യയിൽ വാടകഗർഭധാരണത്തിന് സ്ത്രീകളെ മറ്റുള്ളവർ പ്രേരിപ്പിക്കുന്നത് വ്യാപകമാണ്. കടുത്ത ദാരിദ്ര്യം, ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും മറ്റ് ബന്ധുക്കളുടെയും സമ്മർദം, തുടങ്ങിയവ സ്വയം താൽപ്പര്യമില്ലാതെ ഗർഭപാത്രം വാടകയ്‌ക്ക് നൽകാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നുണ്ട്. കരാർവ്യവസ്ഥകൾ ഗർഭധാരണത്തിന് തയ്യാറാവുന്ന സ്ത്രീയുടെ ആരോഗ്യത്തെയും തുടർജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയുമുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ വാടകഗർഭധാരണ നിയന്ത്രണ നിയമം നടപ്പിലാക്കിയത്.
















Comments