ചെന്നൈ : തെന്നിന്ത്യൻ താരം നയൻതാരയ്‌ക്കും വിഘ്‌നേഷിനും കുട്ടികൾ ഉണ്ടായ സംഭവത്തിൽ അന്വേഷണം നടത്താനൊരുങ്ങി തമിഴ്‌നാട് പോലീസ്. വാടക ഗർഭധാരണം സംബന്ധിച്ച് താരങ്ങൾ നിയമം ലംഘിച്ചുവോ എന്നാണ് അന്വേഷിക്കുക. കഴിഞ്ഞ ജൂണിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. തുടർന്ന് നാല് മാസങ്ങൾക്കകം വാടക ഗർഭധാരണത്തിലൂടെ ഇരുവർക്കും ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് തമിഴ്‌നാട് സർക്കാർ അന്വേഷണം നടത്തുക.
വിവാഹത്തിന് മുൻപുള്ള വാടക ഗർഭധാരണം ശരിയാണോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് തമിഴ്‌നാട് ആരോഗ്യമന്ത്രി മറുപടി നൽകിയത്. 21 വയസ്സിന് മുകളിലും 36 വയസ്സിന് താഴെയുമുള്ള വ്യക്തികൾക്ക് കുടുംബത്തിന്റെ അംഗീകാരത്തോടെ വാടക ഗർഭധാരണത്തിൽ ഏർപ്പെടാൻ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. വിഷയത്തിൽ അന്വേഷണം നടത്താൻ മെഡിക്കൽ സർവീസസ് ഡയറക്ടറേറ്റിന് നിർദ്ദേശം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
2021 ലാണ് വാടക ഗർഭധാരണ നിയന്ത്രണ നിയമം പാർലമെന്റ് പാസാക്കിയത്. 2022 ജനുവരിയിൽ രാജ്യത്ത് നിയമം നിലവിൽ വന്നു. താരങ്ങൾ ഈ നിയമം ലംഘിച്ചോ എന്നാണ് അന്വേഷിക്കുക.
ജൂൺ 9 നാണ് നയൻതാരയും വിഘ്‌നേഷും വിവാഹിതരായത്. മഹാബലിപുരത്ത് വെച്ചായിരുന്നു വിവാഹം. തുടർന്ന് കുഞ്ഞുങ്ങൾ ജനിച്ച വിവരം ഇന്നലെയാണ് വിഘ്‌നേഷ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വാടക ഗർഭധാരണമാണെന്ന് താരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
















Comments