ന്യൂഡൽഹി: തമിഴ്‌സിനിമാ ലോകത്തെ ഇളക്കി മറിച്ച് തിയേറ്ററുകളിൽ എത്തിയ മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവൻ-1 ജൈത്രയാത്ര തുടരുന്നു. ലോകമെമ്പാടും ചിത്രത്തിന് വൻ വരവേൽപ്പ് ലഭിച്ചതോടെ 400 കോടി കളക്ഷൻ മറികടന്നുവെന്നാണ് റിപ്പോർട്ട്. ആഗോളതലത്തിലെ കണക്കാണിത്. വരുംദിവസങ്ങളിൽ അഞ്ഞൂറുകോടി കളക്ഷൻ ബോക്‌സ് ഓഫീസിൽ നേടാനും പിഎസ്-1ന് കഴിയുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.
അമേരിക്കയിൽ ഏറ്റവുമധികം കളക്ഷൻ വാരിക്കൂട്ടിയ തമിഴ് ചിത്രമായി മാറിയ പൊന്നിയിൻ സെൽവൻ രജനികാന്ത് ചിത്രമായ 2.0യെ മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. യുഎസ് കൂടാതെ ഓസ്‌ട്രേലിയ, യുകെ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലും പിഎസ്-1 റെക്കോർഡ് തിരുത്തി കഴിഞ്ഞു.
സെപ്റ്റംബർ 30ന് വേൾഡ് റിലീസ് ചെയ്ത ചിത്രം പത്ത് ദിവസങ്ങൾ പിന്നിടുമ്പോഴേക്കുമാണ് 400 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. 2.0. വിക്രം എന്നീ ചിത്രങ്ങൾക്ക് ശേഷം 400 കോടി കടക്കുന്ന തമിഴ് സിനിമയാണ് പിഎസ്-1. തമിഴ്‌നാട്ടിൽ കൂടാതെ കർണാടകയിലും ചിത്രം നിറഞ്ഞ സദസുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്. അടുത്ത ഒമ്പത് മാസത്തിനുള്ളിൽ പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം റിലീസിനെത്തുമെന്ന് സംവിധായകൻ മണിരത്‌നം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments