കോണ്ടാക്ട് ലെൻസിന്റെ തുടർച്ചയായ ഉപയോഗത്തെ തുടർന്ന് അമ്പത്തിനാലുകാരിയുടെ ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്ടമായി. ബ്രിട്ടീഷ് വംശജയായ മേരി മേസണാണ് ദുരനുഭവം ഉണ്ടായത്. കുളിക്കുമ്പോഴും ഇവർ കോണ്ടാക്ട് ലെൻസുകൾ ഉപയോഗിച്ചിരുന്നു. ടാപ്പിലെ വെള്ളത്തിൽ നിന്നുള്ള ഒരു മൈക്രോസ്‌കോപ്പിക് അമീബ കോണ്ടാക്ട് ലെൻസിനും കോർണിയയ്‌ക്കും ഇടയിൽ കുടുങ്ങിയതിനെ തുടർന്നാണ് ഇടത് കണ്ണിൽ അണുബാധയുണ്ടായത്.
ലെൻസ് മാറ്റാതിരുന്നതോടെ അണുബാധ രൂക്ഷമാവുകയും മേരിയുടെ കാഴ്ചശക്തി നഷ്ടപ്പെടുകയുമായിരുന്നു. കാഴ്ചശക്തി കുറഞ്ഞപ്പോൾ മാത്രമാണ് മേരി ഡോക്ടറെ സമീപിക്കുന്നത്. ഈ സമയത്തേക്ക് അണുബാധ വളരെ അധികം കൂടിയിരുന്നു. നിരവധി മരുന്നുകൾ പരീക്ഷിക്കുകയും, കോർണിയ മാറ്റിവയ്‌ക്കൽ നടത്തിയെങ്കിലും ഇതൊന്നും ഫലം കണ്ടില്ലെന്നാണ് മേരി പറയുന്നത്.
കാഴ്ച ശക്തി നഷ്ടമായ കണ്ണിന് ഇപ്പോഴും വേദന ഉള്ളതിനാൽ, മരുന്ന് ഉപയോഗിക്കുന്നത് തുടരണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കോണ്ടാക്ട് ലെൻസുകൾ ശരിയായി ഉപയോഗിക്കുകയും പരിപാലിക്കുകയും ചെയ്തില്ലെങ്കിൽ കണ്ണിന് ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാകാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ലെൻസ് ഉപയോഗിക്കുമ്പോൾ പ്രാഥമികമായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ലെൻസുകൾ വൃത്തിയാക്കാൻ ടാപ്പ് വെള്ളം ഒരിക്കലും ഉപയോഗിക്കരുത്. വെള്ളത്തിലുള്ള അമീബ പോലെയുള്ള ബാക്ടീരിയകൾ അണുബാധയ്‌ക്ക് കാരണമാകും. ലെൻസുകൾ കൈകാര്യം ചെയ്യുന്നതിന് മുൻപായി കൈ വൃത്തിയായി കഴുകിയതിന് ശേഷം കോണ്ടാക്ട് ലെൻസ് സൊല്യൂഷൻ ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കുക. ലെൻസുകൾ ധരിച്ച് കുളിക്കുകയോ നീന്തുകയോ ചെയ്യാൻ പാടില്ല. ഉറങ്ങുമ്പോഴും ഇവ മാറ്റിയിരിക്കണം. ലെൻസുകൾ ധരിക്കുമ്പോൾ ഒരിക്കലും കണ്ണുകൾ ശക്തമായി തിരുമ്മരുത്. ഇതും കോർണിയക്ക് കേടുപാടുകൾ വരുത്തും. കണ്ണിൽ ചൊറിച്ചിലോ വേദനയോ വന്നാൽ ഉടനെ തന്നെ വിദഗ്ധ പരിശോധന നടത്തണമെന്നും ഡോക്ടർമാർ പറയുന്നു.
















Comments