പത്തനംതിട്ട ഇലന്തൂരിൽ നടന്ന ആഭിചാര കൊലകളുടെ നടുക്കത്തിൽ നിന്നും മുക്തമാകാതെ വിറങ്ങലിച്ച് നിൽക്കുന്ന മലയാളികളുടെ ഓർമ്മകളിലേക്ക് ഭീതിയായി പടർന്നു കയറുകയാണ് 2018 ജൂലൈ മാസത്തിലെ കാർമേഘം മൂടി നിന്ന ഒരു ഈറൻ പുലരിയുടെ ഓർമ്മ. ഇടുക്കി ജില്ലയിലെ വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെടുകയും, പിന്നീട് വർഷങ്ങൾക്കിപ്പുറം കേസിലെ പ്രതിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത ഭീതിദമായ സംഭവ പരമ്പര, മലയാളക്കരയിലെ ദുർമന്ത്രവാദ കൊലപാതകങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഏടുകളിൽ ഒന്നായിരുന്നു.
2018 ജൂലൈ 29 ഞായറാഴ്ചയായിരുന്നു ഇടുക്കി കമ്പകക്കാനത്ത് ജ്യോത്സ്യനായിരുന്ന കൃഷ്ണനും കുടുംബവും അതിദാരുണമായി കൊലചെയ്യപ്പെട്ടത്. കൃഷ്ണന്റെ ശിഷ്യൻ അനീഷ് ആയിരുന്നു കൊലയാളി. മന്ത്രവാദി കൂടിയായ കൃഷ്ണന്റെ അത്ഭുത സിദ്ധികൾ കൈവശപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു കൂട്ടക്കൊലയെന്ന്, അനീഷ് പിന്നീട് പോലീസിനോട് സമ്മതിച്ചു.
സംഭവം നടന്ന ഞായറാഴ്ച, അനീഷ് സുഹൃത്തായ ലിബീഷിനൊപ്പം കൃഷ്ണനെ മാത്രം കൊലപ്പെടുത്തുന്നതിനായി തൊടുപുഴയിലെത്തി. തുടർന്ന് ഇരുവരും മദ്യപിച്ചു. രാത്രി പതിനൊന്ന് മണിയോടെ കൃഷ്ണന്റെ വീടിന്റെ പിന്നിലെത്തിയ ഇരുവരും ആട്ടിൻകൂട്ടിലെത്തി ആടുകളെ ഉപദ്രവിച്ചു. ആടുകൾ കരയുന്ന ശബ്ദം കേട്ട് പുറത്തിറങ്ങുന്ന കൃഷ്ണനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
കണക്ക് കൂട്ടിയത് പോലെ തന്നെ, ശബ്ദം കേട്ട് പുറത്തിറങ്ങിയ കൃഷ്ണന്റെ തലയ്‌ക്ക് പ്രതികൾ കൈയ്യിൽ കരുതിയിരുന്ന ബുള്ളറ്റിന്റെ ഷോക്ക് അബ്സോർബർ കൊണ്ട് ശക്തിയായി അടിച്ചു. അടിയേറ്റ കൃഷ്ണൻ ചലനമറ്റ് നിലത്ത് വീണു. എന്നാൽ, ആരോഗദൃഢഗാത്രനായിരുന്ന കൃഷ്ണൻ അപ്പോൾ മരിച്ചിരുന്നില്ല. ബോധശൂന്യനായി നിലത്ത് വീഴുക മാത്രമാണ് ഉണ്ടായത്.
ഇതോടെ, ബഹളം കേട്ട് കൃഷ്ണന്റെ ഭാര്യ സുശീലയും പുറത്തിറങ്ങി. സുശീല പ്രതികളെ കണ്ടതോടെ, ഇവരെയും കൊലപ്പെടുത്താൻ പ്രതികൾ തീരുമാനിച്ചു. കൃഷ്ണനെ തല്ലിയ അതേ ഷോക്ക് അബ്സോർബർ ഉപയോഗിച്ച് സുശീലയുടെ തലയ്‌ക്കും പ്രതികൾ അടിച്ചു. അടിയേറ്റ സുശീല, പിടഞ്ഞു വീണ് മരിച്ചു.
ഇതോടെ, മൃഗീയമായ മാനസികാവസ്ഥയ്‌ക്ക് അടിപ്പെട്ട പ്രതികൾ കൂട്ടക്കുരുതിക്ക് തയ്യാറെടുത്തു. കൃഷ്ണന്റെ മകളും കോളേജ് വിദ്യാർത്ഥിനിയുമായിരുന്ന ആർഷയെ പ്രതികൾ ആക്രമിച്ചു. പ്രാണരക്ഷാർത്ഥം പ്രതികളെ തിരിച്ച് ആക്രമിച്ച ആർഷയെ പ്രതികൾ അത്യന്തം മൃഗീയമായി, വെട്ടിയും കുത്തിയും തലയ്‌ക്കടിച്ചും ഇഞ്ചിഞ്ചായി കൊലപ്പെടുത്തുകയായിരുന്നു.
കൃഷ്ണന്റെ മാനസിക വൈകല്യമുണ്ടായിരുന്ന മകൻ അർജുനെയും പ്രതികൾ തലയ്‌ക്കടിച്ച് ബോധരഹിതനാക്കി. തുടർന്ന് വീട്ടിലുണ്ടായിരുന്ന പണവും ആഭരണങ്ങളും താളിയോല ഗ്രന്ഥങ്ങളും മോഷ്ടിച്ച പ്രതികൾ കടന്നു കളഞ്ഞു. പിറ്റേദിവസം മടങ്ങിയെത്തിയ പ്രതികൾ, മൃതദേഹങ്ങൾ മറവു ചെയ്യാൻ തീരുമാനിച്ചു. എന്നാൽ അപ്പോൾ കൃഷ്ണന്റെ മകൻ അർജുൻ ജീവനോടെ ഇരിക്കുന്നതാണ് പ്രതികൾ കണ്ടത്. കൈയ്യിൽ കിട്ടിയ ചുറ്റിക കൊണ്ട് അർജുനെ വീണ്ടും അടിച്ചു വീഴ്‌ത്തിയ ശേഷം പ്രതികൾ വീടിന്റെ പിൻഭാഗത്ത് കുഴിയെടുത്ത് മൃതദേഹങ്ങൾ അതിലിട്ട് മൂടുകയായിരുന്നു.
കുഴിച്ച് മൂടുന്ന സമയത്തും കൃഷ്ണന്റെയും മകന്റെയും ശ്വാസം നിലച്ചിരുന്നില്ല എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സുശീലയുടെയും ആർഷയുടെയും മൃതദേഹങ്ങളോട് പ്രതികൾ അനാദരവ് കാട്ടിയതായും അന്വേഷണ സംഘം പിന്നീട് കണ്ടെത്തി. കൃഷ്ണന് കുടുംബത്തിനും അയൽക്കാരുമായി അടുപ്പം ഉണ്ടായിരുന്നില്ല എന്നതാണ് കൊലപാതക വിവരം പുറത്തറിയാൻ വൈകിയതിന് കാരണമെന്നും പോലീസ് മനസ്സിലാക്കി.
കൃഷ്ണന് മുന്നൂറിലധികം ഉഗ്രമൂർത്തികളുടെ സിദ്ധി ഉണ്ടായിരുന്നതായി അനീഷ് വിശ്വസിച്ചിരുന്നു. കൃഷ്ണനെ കാണാൻ അന്യസംസ്ഥാനങ്ങളിൽ നിന്ന് പോലും ആളുകൾ വന്നിരുന്നതും ശിഷ്യനായ അനീഷ് ശ്രദ്ധിച്ചിരുന്നു. സ്വന്തമായി ചെയ്ത ചില മാന്ത്രിക കർമ്മങ്ങൾ പരാജയപ്പെട്ടത് അനീഷിനെ നിരാശനാക്കിയിരുന്നു. കൃഷ്ണന്റെ മാന്ത്രിക കർമ്മങ്ങളാണ് തന്റെ കർമ്മങ്ങൾ ഫലിക്കാതിരിക്കാൻ കാരണമെന്നും അനീഷ് കരുതിയിരുന്നു. മുന്നൂറ് മൂർത്തികളുടെ സിദ്ധി നേടാനും, പ്രതിബന്ധങ്ങൾ ഒഴിവാക്കാനുമായിരുന്നു അയാൾ കൃഷ്ണനെയും കുടുംബത്തെയും അരുംകൊല ചെയ്തത്.
കേസിൽ പോലീസ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ പ്രതികൾ ജാമ്യത്തിലിറങ്ങി. തുടർന്ന് മാനസികാരോഗ്യം നശിച്ച അനീഷ് ചികിത്സ തേടി. വീട്ടിൽ ഒറ്റയ്‌ക്ക് കഴിഞ്ഞിരുന്ന 34 വയസ്സുകാരനായ ഇയാളുടെ മൃതദേഹം, പിന്നീട് ദിവസങ്ങൾ പഴക്കമുള്ള നിലയിൽ ജീർണ്ണിച്ച് ദുർഗന്ധം വമിക്കുന്ന അവസ്ഥയിൽ വീട്ടിനുള്ളിൽ നിന്നും കണ്ടെത്തുകയായിരുന്നു. 2021 ഒക്ടോബർ മാസത്തിലായിരുന്നു ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
1983ൽ നിധിക്കും സഹോദരിയുടെ പ്രേതബാധ അകറ്റുന്നതിനും വേണ്ടി പിതാവും സഹോദരിയും അയൽക്കാരിയും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തിയ മുണ്ടിയെരുമയിലെ ഒൻപതാം ക്ലാസ്സുകാരൻ, 1981ൽ അടിമാലിയിൽ ഭർത്താവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയ സോഫിയ, 1995ൽ രാമക്കൽമേട്ടിൽ പിതാവും രണ്ടാനമ്മയും തമിഴ്നാട്ടുകാരായ മന്ത്രവാദികളും ചേർന്ന് കൊലപ്പെടുത്തിയ സ്കൂൾ വിദ്യാർത്ഥി, കഴിഞ്ഞ വർഷം പാലക്കാട് പുതുപ്പള്ളിത്തെരുവിൽ അമ്മ ഷഹീദയുടെ കൈയ്യാൽ കൊല്ലപ്പെട്ട ആറ് വയസ്സുകാരൻ, കരുനാഗപ്പള്ളിയിൽ ഭർത്താവും ഭർതൃമാതാവും ചേർന്ന് കൊലപ്പെടുത്തിയ തുഷാര, അങ്ങനെ ദുർമന്ത്രവാദത്തിന്റെയും ആഭിചാരത്തിന്റെയും പേരിൽ സമ്പൂർണ്ണ സാക്ഷരനും പ്രബുദ്ധനുമായ മലയാളി കൊലപ്പെടുത്തിയവരുടെ പട്ടിക നീളുമ്പോഴും ഉത്തരേന്ത്യയിലേക്ക് നോക്കി നമ്മൾ നമ്മുടെ ഗീർവാണക്കെട്ടുകൾ അനുസ്യൂതം പൊട്ടിക്കുന്നത് തുടരുകയാണ്.
















Comments