കൊച്ചി : കേരളത്തെ ഞെട്ടിച്ച ആഭിചാര കൊലപാതകത്തിലെ മുഖ്യസൂത്രധാരൻ മുഹമ്മദ് ഷാഫി പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്ന് റിപ്പോർട്ട്. പീഡനം, കൊലക്കേസ്, അടിപിടി, കഞ്ചാവ് കടത്ത് ഉൾപ്പെടെയുള്ള എല്ലാ കേസുകളിലും ഇയാൾ നോട്ടപ്പുള്ളിയായിരുന്നു. പെരുമ്പാവൂരിലെ കൊടും ക്രിമിനലാണ് പത്തനംതിട്ട സ്വദേശികളായ ദമ്പതികൾക്ക് മുന്നിൽ ദുർമന്ത്രവാദിയുടെ വേഷം കെട്ടിയാടിയത്.
രണ്ട് വർഷം മുൻപ് പുത്തൻകുരിശിൽ വയോധികയെ പീഡിപ്പിച്ചതിന് ഷാഫിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുറുക്കാൻ വാങ്ങാനെത്തിയ 75 കാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. ശരീരം മുഴുവൻ മുറിവേറ്റ നിലയിലായിരുന്നു വയോധിക. കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. തുടർന്ന് കഴിഞ്ഞ വർഷമാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഈ കേസിൽ ഇപ്പോഴും വിചാരണ നടക്കുകയാണ്.
ആഭിചാര കൊലക്കേസിൽ ഏജന്റും ദുർമന്ത്രവാദിയും ഇയാളാണെന്ന് കണ്ടെത്തിയതോടെയാണ് പ്രതിയുടെ ഇടപാടുകളെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിയത്. ലോട്ടറി കച്ചവടക്കാരായ സ്ത്രീകളെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. കൊച്ചി നഗരത്തിലെ ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാൾ.
പത്തനംതിട്ടയിലെ ദമ്പതികളുടെ മുന്നിൽ ഇയാൾ ശ്രീദേവിയായി നടിച്ചു. ശ്രീദേവി എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ചു. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും സമീപിക്കുക എന്നും ഇയാൾ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. പത്തനംതിട്ടയിലെ ദമ്പതികൾ ഇത് കണ്ട് ശ്രീദേവി എന്ന അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ഷാഫിയുമായി സുഹൃദ്ബന്ധം സ്ഥാപിച്ചു. ഐശ്വര്യം ലഭിക്കണമെങ്കിൽ രണ്ട് സ്ത്രീകളെ നരബലി കഴിക്കണമെന്നാണ് ഇയാൾ പറഞ്ഞത്. അതിനായി പണവും ആവശ്യപ്പെട്ടു. തുടർന്നാണ് പത്മയെയും റോസ്ലിയെയും സമീപിച്ച് നീലച്ചിത്രത്തിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്.
ഹോട്ടലും ബസും ജീപ്പുമുൾപ്പെടെ ഇയാൾക്ക് നാല് വാഹനങ്ങളുണ്ട്. കൊല്ലപ്പെട്ട പത്മയും റോസ്ലിയും സ്ഥിരമായി ഇയാളുടെ കടയിൽ വരാറുണ്ടായിരുന്നു. പത്മയെ കാണാനില്ലെന്ന് പറഞ്ഞ് പോലീസ് തിരഞ്ഞെങ്കിലും ഇയാൾ സുഹൃത്തായ ബിലാലിനെ കുടുക്കാനാണ് ശ്രമിച്ചത്. എന്നാൽ ലോട്ടറി കച്ചവടക്കാരായ മറ്റ് സ്ത്രീകളുടെ മൊഴിയാണ് പോലീസിനെ മുഹമ്മദ് ഷാഫിയിലേക്ക് എത്തിച്ചത്.
















Comments