ഇറാൻ: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച് മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും. അനീതി വച്ച് പുലർത്താനാകില്ലെന്ന ശക്തമായ സന്ദേശമാണ് ഇറാനിലെ സ്ത്രീകൾ നൽകുന്നതെന്ന് ഇരുവരുടേയും സംയുക്ത പ്രസ്താവനയിൽ പറയുന്നു. തങ്ങളുടെ ഭാവി ഭൂതകാലത്തിൽ നിന്ന് വ്യത്യസ്തമായിരിക്കണമെന്നാണ് അവർ പറയുന്നത്. തങ്ങൾക്ക് അർഹമായ എല്ലാ അവസരങ്ങളും അവകാശങ്ങളും വേണമെന്ന് തുറന്ന് പറയുന്ന ഇറാനിയൻ പെൺകുട്ടികളെ ഓർത്ത് ഭയമുണ്ട്. എങ്ങനെ വസ്ത്രം ധരിക്കണം, വ്യക്തിത്വം എങ്ങനെ ആയിരിക്കണം, തങ്ങളുടെ സ്വാതന്ത്ര്യം ഇതിനെ കുറിച്ചെല്ലാം അവർക്ക് സ്വന്തം അഭിപ്രായങ്ങളുണ്ട്. വലിയൊരു മാറ്റം ആഗ്രഹിച്ച് കൊണ്ട് നിങ്ങൾ നടത്തുന്ന മുന്നേറ്റത്തെ ക്രൂരമായി നേരിടുന്ന ഭരണകൂടം ഇന്ന് നിങ്ങളുടെ ധൈര്യത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഒരിക്കലും പ്രതീക്ഷ കൈവെടിയരുത്. ഇനി മുന്നോട്ടുള്ള ദിവസങ്ങളും നിങ്ങൾക്ക് ദുഷ്‌കരമായിരിക്കും. മുൻകാലങ്ങളോട് ചേർന്ന് നിൽക്കുമ്പോഴല്ല, മറിച്ച് നല്ലൊരു ഭാവി കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളിലൂടെയാണ് നിങ്ങൾ ശക്തരാകുന്നതെന്നും’ ഇരുവരും പറയുന്നു.
ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ 185ലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിന്റെ പേരിൽ കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധവുമായാണ് ഇറാനിയൻ സ്ത്രീകൾക്ക് തെരുവിലിറങ്ങിയത്. പതിനായിരക്കണക്കിന് സ്ത്രീകളാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്. മഹ്സയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇവർ ഹിജാബുകൾ കത്തിക്കുകയും, മുടി മുറിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സെപ്തംബർ 17നാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധിക്കുന്നവർക്ക് നേരെ മുന്നറിയിപ്പില്ലാതെയാണ് പോലീസും സൈന്യവും വെടിയുതിർക്കുന്നത്.
നേരത്തെ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും സമരത്തിൽ പങ്കെടുക്കുന്നവർക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ‘ ഇറാനിലെ സദാചാര പോലീസ് ക്രൂരമായി കൊലപ്പെടുത്തിയ മഹ്സ അമിനിക്ക് വേണ്ടി ലോകമെമ്പാടുമുള്ള സ്ത്രീകൾ ശബ്ദമുയർത്തുകയാണ്. പ്രതിഷേധസൂചകമായി അവർ പരസ്യമായി മുടി മുറിക്കുകയാണ്. അടിച്ചമർത്തപ്പെട്ട ശബ്ദം ഒരു അഗ്‌നിപർവ്വതം പോലെയാണ് പൊട്ടിത്തെറിക്കുന്നത്. അതിനെ ഒരിക്കലും നിയന്ത്രിക്കാൻ സാധിക്കില്ല. നിങ്ങളുടെ ലക്ഷ്യത്തിലും, ഓരോരുത്തരും കാണിക്കുന്ന ഈ ധൈര്യത്തിലും ഞാൻ അത്ഭുതപ്പെടുകയാണ്. പുരുഷാധിപത്യ സംവിധാനത്തെ വെല്ലുവിളിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പക്ഷേ നിങ്ങൾ ധൈര്യശാലികളായ സ്ത്രീകളാണ്. ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകണമെങ്കിൽ നമ്മൾ തീർച്ചയായും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും, അവരോടൊപ്പം അണിചേരുകയും വേണം. ശബ്ദമുയർത്താൻ കഴിയുന്നവരെല്ലാം ഇവരോടൊപ്പം പങ്കുചേരുക. ഈ നിർണായക ഘട്ടത്തിൽ നിങ്ങളുടെ ശബ്ദവും ചേർക്കുക. കാരണം ഇനിയും ഈ ശബ്ദങ്ങളെ നിശബ്ദമാക്കാൻ ഒരിക്കലും സാധിക്കില്ല. ഞാൻ നിങ്ങളോടൊപ്പമുണ്ട്. ജിൻ, ജിയാൻ, ആസാദി… സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്നാണ് പ്രിയങ്ക കുറിച്ചത്.
















Comments