ന്യൂഡൽഹി: പതിനായിരം രൂപക്ക് മുകളിൽ വില വരുന്ന 4ജി ഫോണുകളുടെ ഉത്പാദനം ഇന്ത്യയിൽ വൈകാതെ അവസാനിപ്പിക്കുമെന്ന് മൊബൈൽ ഫോൺ കമ്പനികളുടെ പ്രതിനിധികൾ സർക്കാരിനെ അറിയിച്ചു. എത്രയും വേഗം, 5ജി ഫോണുകളുടെ ഉത്പാദനം ത്വരിതപ്പെടുത്തുമെന്നും കമ്പനികൾ സർക്കാരിന് ഉറപ്പ് നൽകി. രാജ്യത്ത് വിൽക്കപ്പെടുന്ന പതിനായിരം രൂപക്ക് മുകളിലുള്ള സ്മാർട്ട് ഫോണുകളിൽ 5ജി ലഭ്യമാക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തോട് അനുകൂല പ്രതികരണമാണ് മൊബൈൽ ഫോൺ കമ്പനികളുടെ ഭാഗത്ത് നിന്നും ഉണ്ടായത് എന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് 5ജി സേവനം ലഭ്യമാക്കുന്ന തരത്തിൽ അതിവേഗം മാറ്റത്തിന് തയ്യാറെടുക്കാൻ കേന്ദ്ര സർക്കാർ മൊബൈൽ സേവന ദാതാക്കൾക്കും സ്മാർട്ട് ഫോൺ കമ്പനികൾക്കും നിർദ്ദേശം നൽകി.
രാജ്യത്ത് ആകെ 750 മില്ല്യൺ മൊബൈൽ ഫോൺ ഉപഭോക്താക്കളാണ് ഉള്ളത്. ഇതിൽ 100 മില്ല്യൺ ഉപഭോക്താക്കൾ 5ജി സേവനങ്ങൾക്ക് പര്യാപ്തമായ ഫോണുകൾ ഉപയോഗിക്കുന്നവരാണ്. എന്നാൽ 350 മില്ല്യണിലധികം ഉപഭോക്താക്കളും നിലവിൽ ഉപയോഗിക്കുന്നത് 3ജി/4ജി സ്മാർട്ട് ഫോണുകളാണ് എന്നാണ് റിപ്പോർട്ട്. ഇവരിൽ നല്ലൊരു വിഭാഗത്തിനേയും 5ജിയിലേക്ക് എത്തിക്കാനാണ് സർക്കാർ നീക്കമെന്നാണ് വിവരം.
Comments