ന്യൂഡൽഹി: ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ അദ്ധ്യക്ഷൻ ഉമർ അഹമ്മദ് ഇല്ല്യാസിയ്‌ക്ക് സുരക്ഷയേർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വധഭീഷണിയെ തുടർന്ന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം ഇല്ല്യാസി തന്നെയാണ് വെളിപ്പെടുത്തിയത്.
അടുത്തിടെ ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവതുമായി ഇല്ല്യാസി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ രാഷ്‌ട്ര ഋഷിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇല്ല്യാസിന് മതതീവ്രവാദികളിൽ നിന്നും ഭീഷണികൾ ലഭിക്കാൻ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇല്ല്യാസിയ്‌ക്ക് സുരക്ഷ ഏർപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനം.
ഇംഗ്ലണ്ട്, ദുബായ്, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് വധ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരിക്കുന്നത് എന്നാണ് ഇല്ല്യാസിയുടെ പരാതിയിൽ പറഞ്ഞിരുന്നത്. പരാതിയിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കിയത്. സുരക്ഷ അനുവദിച്ച കേന്ദ്ര സർക്കാരിന് നന്ദി അറിയിക്കുന്നതായി ഇല്ല്യാസി പ്രതികരിച്ചു.
Comments