ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിന്റെ സേവകനായ സൂം വിടവാങ്ങി. ഭീകരരുമായി നടന്ന ഏറ്റുമുട്ടലിനിടെ പരിക്കേറ്റ സൂം രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. ശ്രീനഗറിലെ 54 അഡ്വാൻസ്ഡ് ഫീൽഡ് മൃഗാശുപത്രിയിൽ വെച്ച് രാവിലെ 11. 45 ഓടെയായിരുന്നു അന്ത്യം.
കഴിഞ്ഞ ദിവസം സൈന്യവും ഭീകരരുമായി നടന്ന ഏറ്റുമുട്ടലിനിടെ സൂമിന് വെടിയേറ്റിരുന്നു. അനന്ത്‌നാഗ് ജില്ലയിലെ കോക്കർനാഗിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം പ്രദേശത്ത് എത്തിയത്. സുരക്ഷാ സേനയ്‌ക്കൊപ്പം സൂമും ഉണ്ടായിരുന്നു.
ഭീകരർ ഒളിച്ചിരുന്ന വീട്ടിലെത്തിയ സൂം, അവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നതിനിടെയാണ് വെടിയേറ്റത്. സൂമിന്റെ ശരീരത്തിൽ രണ്ട് വെടിയുണ്ടകൾ തറച്ചുകയറി. എന്നാൽ പിന്തിരിഞ്ഞോടാൻ ഈ വീരൻ തയ്യാറായിരുന്നില്ല. സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഭീകരരെയാണ് വധിച്ചത്.
ഭീകരരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൂമിനെ തുടർചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയ ശേഷം ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ നില വളരെ മോശമായി.
















Comments