ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 5ജി സേവനങ്ങൾ മറ്റ് രാജ്യങ്ങളുമായി പങ്കിടാൻ തയ്യാറെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത സേവനമല്ല 5ജിയെന്നും അതിനാൽ തന്നെ മറ്റ് രാജ്യങ്ങളുമായി പങ്കുവെക്കാവുന്നതാണെന്നും നിർമലാ സീതാരാമൻ പറഞ്ഞു.
5ജി പൂർണ്ണമായി ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്നും എന്നാൽ വൈകാതെ തന്നെ അതിവേഗ ഇന്റർനെറ്റ് സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുത്ത നഗരങ്ങളിലാണ് നിലവിൽ സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. 2024-ഓടെ രാജ്യത്തൊട്ടാകെ 5ജി വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടെലികോം രംഗത്ത് രാജ്യത്തിന്റെ കുതിപ്പിൽ ഓരോരുത്തർക്കും അഭിമാനിക്കാമെന്നും അവർ ചൂണ്ടിക്കാട്ടി.
ഒക്ടോബർ ഒന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 5ജി സേവനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്. ക്രമേണ രാജ്യം മുഴുവൻ 5ജിയുടെ കുടക്കീഴിൽ എത്തിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. 10,000 രൂപയിൽ കൂടുതൽ വിലയുള്ള 3ജി, 4ജി സ്മാർട്ട്‌ഫോണുകളുടെ ഉത്പാദനം നിർത്താൻ കേന്ദ്രം നിർദേശച്ചിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിലെയും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരാണ് മൊബൈൽ നിർമ്മാതാക്കൾക്ക് നിർദേശം നൽകിയത്. മൂന്ന് മാസത്തിനുള്ളിൽ 5ജി സേവനങ്ങളിലേക്ക് മാറാനാണ് നിർദേശം നൽകിയത്.
Comments