ചെന്നൈ: നടി നയൻതാരയുടെ വാടക ഗർഭധാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് അന്വേഷണം നടത്തുന്നത്.
ആശുപത്രി കേന്ദ്രീകരിച്ചാണ് അന്വേഷണങ്ങൾ പുരോഗമിക്കുന്നത്. ഇവിടുത്തെ അന്വേഷണം പൂർത്തിയായതിന് ശേഷം ആവശ്യമെങ്കിൽ നയൻതാരെയയും വിഘ്‌നേശ് ശിവനെയും ചോദ്യം ചെയ്യുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വാടകഗർഭധാരണ നിയന്ത്രണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് താരം അമ്മ ആയതെന്ന പരാതിയെ തുടർന്നാണ് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയും പ്രസവവും നടന്നതെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. ബന്ധുവാണ് താരദമ്പതികൾക്കായി വാടക ഗർഭധാരണത്തിന് തയ്യാറായതെന്നും റിപ്പോർട്ടുണ്ട്.
ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ജൂണിലായിരുന്നു സംവിധായകൻ വിഘ്‌നേശ് ശിവനും നയൻതാരയും വിവാഹിതരായത്. കഴിഞ്ഞ ദിവസം തങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നതായി വിഘ്‌നേശ് ഇൻസ്റ്റഗ്രാം വഴി അറിയിച്ചിരുന്നു. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ കുട്ടികൾ ജനിച്ചത് വാടകഗർഭധാരണം മുഖേനയാണെന്ന പ്രചാരണമുണ്ടായിരുന്നു. തുടർന്നാണ് അന്വേഷണത്തിന് തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടത്.
















Comments