ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ടിവിഎസ് മോട്ടോർ പുറത്തു വിട്ടിരിക്കുന്നത്. അൾട്രാവയലറ്റ് പ്രീമിയം ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി. ടിവിഎസ് മോട്ടോർ കമ്പനിയുടെ പിന്തുണയുള്ള അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് പ്രൈവറ്റ് ലിമിറ്റഡാണ് പുതിയ അൾട്രാവയലറ്റ് F77 ഹൈപ്പർബൈക്ക് പുറത്തിറക്കുന്നത്. 2022 നവംബർ 24-ന് വാഹനം ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും. എയർസ്ട്രൈക്ക്, ഷാഡോ, ലേസർ എന്നീ വേരിയന്റുകളിലാണ് വാഹനം എത്തുക.
3.5 ലക്ഷം മുതൽ 4.2 ലക്ഷം വരെയാണ് അൾട്രാവയലറ്റ് F77 ഹൈപ്പർബൈക്കിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഒറ്റ ചാർജിൽ 200 കിലോമീറ്റർ റേഞ്ച് വാഹനത്തിന് ലഭിക്കുമെന്ന് പറയുന്നു. വെറും 2.9 സെക്കന്റുകൾ കൊണ്ട് 60 കിലോമീറ്റർ വേഗത കൈവരിക്കാനും മണിക്കൂറിൽ 140 കി.മീ വരെ വേഗത കൈവരിക്കാനും ഈ ഇലക്ട്രിക് മോട്ടോർസൈക്കിളിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5 വർഷത്തെ ഗവേഷണവും നിർമ്മാണ പ്രക്രിയയും ഈ മോഡലിന് പിന്നിലുണ്ടെന്ന് ടിവിഎസ് അവകാശപ്പെടുന്നു. 190 രാജ്യങ്ങളിൽ നിന്ന് 70,000 പ്രീ-ലോഞ്ച് ബുക്കിംഗ് F77 നേടിയതായും കമ്പനി പറയുന്നു.
F77 ഒരു ഓൾ ഔട്ട് പെർഫോമൻസ് ഇലക്ട്രിക് മോട്ടോർസൈക്കിളാണ്. ഒരു സ്ട്രീറ്റ് ബൈക്കിന്റെയും ഫെയർഡ് മോട്ടോർസൈക്കിളിന്റെയും സവിശേഷതകൾ ഉൾക്കൊള്ളുന്ന ഒരു ഹൈബ്രിഡ് ഡിസൈനാണ് വാഹനത്തിന് കമ്പനി നൽകുന്നത്. ഡ്യുവൽ-ചാനൽ എബിഎസ്, ക്രമീകരിക്കാവുന്ന സസ്പെൻഷൻ, ഒന്നിലധികം ഡ്രൈവ് മോഡുകൾ, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവ F77 ലഭിക്കുന്നു. ബെംഗളൂരുവിലെ നിർമ്മാണ കേന്ദ്രത്തിലാണ് F77 നിർമ്മിച്ചത്. ഇന്ത്യയുടെ വിവിധ ഇടങ്ങളിലായി വാഹനത്തിന്റെ പരീക്ഷണം നടന്നു. യുഎസിലും യൂറോപ്പിലുമടക്കം F77 അവതരിപ്പിക്കാനാണ് ടിവിഎസിന്റെ തീരുമാനം.
















Comments