ഷിംല: നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഹിമാചൽ പ്രദേശിൽ വാഗ്ദാന പെരുമഴയുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാർക്കുള്ള പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നാണ് പ്രിയങ്ക വാദ്രയുടെ പ്രധാന വാഗ്ദാനം. സോളൻ ജില്ലയിലെ തോഡോ മൈതാനിയിൽ നടന്ന ‘പരിവർത്തൻ പ്രതിജ്ഞാ റാലി’യിൽ സംസാരിക്കുകയായിരുന്നു അവർ. ഹിമാചൽ പ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 12-ന് നടക്കാനിരിക്കെയാണ് വാഗ്ദാനങ്ങളും അവകാശവാദങ്ങളുമായി പ്രിയങ്ക വാദ്രയുടെ റാലി.
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിനൊപ്പം ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സംസ്ഥാനത്ത് 63,000 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. എന്നാൽ തൊഴിൽ രഹിതരായ യുവാക്കൾക്ക് സർക്കാർ ജോലി നൽകിയിട്ടില്ല. കോൺഗ്രസ് വന്നാൽ തൊഴിലില്ലാത്ത യുവാക്കൾക്ക് അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്നും ജീവിത നിലവാരം ഉയർത്താൻ സ്ത്രീകൾക്ക് 1500 രൂപ പ്രതിമാസ അലവൻസ് നൽകുമെന്നുമാണ് പ്രിയങ്കയുടെ അവകാശവാദം. ജനങ്ങൾ മറേണ്ട സമയമാണ്, മാറിയില്ലെങ്കിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിങ്ങൾക്ക് ഒന്നും ലഭിക്കില്ല എന്നും പ്രിയങ്ക വാദ്ര പറഞ്ഞു.
കോൺഗ്രസിനെ അധികാരത്തിലെത്തിച്ചാൽ ഹിമാചൽ പ്രദേശ് വളരും. ഭരണകക്ഷി ഒരു വികസനവും ഹിമാചൽ പ്രദേശിൽ നടത്തിയിട്ടില്ല. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ പരിചരണ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തും. പ്രധാനമന്ത്രി സ്ഥാനത്തു നിന്നും വിരമിക്കുമ്പോൾ താമസിക്കാനാണ് ഹിമാചലിൽ പ്രദേശിൽ തന്റെ മുത്തശ്ശിയായ ഇന്ദിരഗാന്ധി ഒരു വീട് പണിതത്. എന്നാൽ അവർ അതിന് മുമ്പ് രക്തസാക്ഷി ആയെന്നും റാലിയിൽ പ്രിങ്ക വാദ്ര പറഞ്ഞു.
















Comments