മുംബൈ: കർവ ചൗത്ത് ആഘോഷമാക്കി ബോളിവുഡ് താര ദമ്പതികളായ കത്രീന കൈഫും വിക്കി കൗശലും. താരങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ആഘോഷപരിപാടിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയി. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു കർവ ചൗത്തിന്റെ ഭാഗമായി ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ഭർത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനുമായി ഹിന്ദു സ്ത്രീകൾ ആചരിക്കുന്ന വ്രതമാണ് കർവ ചൗത്ത്.
വീട്ടിലായിരുന്നു ആഘോഷം. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് ആചാരങ്ങൾ പൂർണമായി പാലിച്ചുകൊണ്ടായിരുന്നു കർവ ചൗത്ത് ഇരുവരും ആഘോഷിച്ചത്. പിങ്ക് സാരിയുടുത്ത കത്രീന കൈഫ് നെറ്റിയിൽ പൊട്ടും നെറുകയിൽ സിന്ദൂരവും തൊട്ടിരുന്നു. കർവ താലിയും കത്രീന ധരിച്ചിരുന്നു. വെള്ള പൈജാമയും കുർത്തയുമായിരുന്നു വിക്കി കൗശൽ ധരിച്ചിരുന്നത്. കർവ ചൗത്ത് ആഘോഷപരിപാടിയിൽ വിക്കി കൗശാലിന്റെ മാതാപിതാക്കളും പങ്കുചേർന്നിരുന്നു.
ആദ്യ കർവ ചൗത്ത് എന്ന അടിക്കുറിപ്പോടെയായിരുന്നു താരങ്ങൾ ചിത്രങ്ങൾ പങ്കുവെച്ചത്. ഇരുവരുമൊന്നിച്ചുള്ള സെൽഫികളും, കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ താരദമ്പതികൾക്ക് ആശംസകൾ നേർന്ന് ആരാധകരും എത്തി. കഴിഞ്ഞ ഡിസംബറിലായിരുന്നു കത്രീന കൈഫും, വിക്കി കൗശലും വിവാഹിതരായത്.
















Comments