കമൽഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന് ആരാധകരേറെയാണ്. വളരെ പെട്ടന്നു തന്നെ തെന്നിന്ത്യന്‍ നടിമാരിൽ മുൻ നിരയിലെത്തിയ നായിക കൂടിയാണ് ശ്രുതി. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും സംഗീതം കൊണ്ടും ഭാഷകളുടെ അതിർ വരമ്പുകൾക്കപ്പുറം ആരാധകരെ സ്വന്തമാക്കാൻ ശ്രുതി ഹാസന് കഴിഞ്ഞു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ശ്രുതിഹാസന്റെ മൂക്കിനെ പരിഹസിച്ച് നിരവധി ട്രോളുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മൂക്കിന്റെ ആകൃതി മാറ്റിയ താരത്തിന് നേരെ പരിഹാസങ്ങൾ ഉയരുന്നുണ്ട്. ഇപ്പോൾ തന്റെ മൂക്കിൽ നടത്തിയ ശസ്ത്രിക്രിയയെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മൂക്കിന് പരിക്ക് പറ്റിയതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ശ്രുതിഹാസൻ വെളിപ്പെടുത്തി.
‘ഞാന്‍ എന്‍റെ മൂക്ക് ശസ്ത്രക്രിയയിലൂടെ ശരിയാക്കി. അത് സത്യമാണ്. എന്റെ മൂക്കിന് പരിക്കേറ്റിരുന്നു. ഒരുപാട് വേദന ഞാൻ സഹിച്ചു. ഒടുവില്‍ ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴുള്ളത് മുമ്പത്തേതിനേക്കാള്‍ വ്യത്യസ്തമായ മൂക്കാണ്. ഞാന്‍ എന്റെ ആദ്യ സിനിമ ചെയ്യുന്ന സമയം പഴയ മൂക്കായിരുന്നു ഉണ്ടായിരുന്നത്. ഇത് തമ്മിൽ താരതമ്യം ചെയ്താണ് ജനങ്ങൾ എന്നെ പരിഹസിക്കുന്നത്’ എന്ന് ശ്രുതിഹാസൻ പറഞ്ഞു.
‘ഞാന്‍ സൗന്ദര്യം കൂട്ടാനാണ് ശസ്ത്രക്രിയ ചെയ്തതെന്നാണ് ആൾക്കാർ പറയുന്നത്. അത്തരത്തിലുള്ള പോസ്റ്റുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. അഥവാ ഞാൻ സൗന്ദര്യത്തിനായാണ് ശസ്ത്രക്രിയ നടത്തിയതെങ്കിൽ തന്നെ എന്താണ് പ്രശ്നം? മറ്റുള്ളവരുടെ മുന്നില്‍ വിശദീകരിക്കേണ്ട ആവശ്യമൊന്നും തനിക്കില്ല. ഇത് എന്‍റെ ശരീരം ആണ്. നാളെ ചിലപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തെന്നും വരാം, ചെയ്തില്ലെന്നും വരാം’ എന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രുതി ഹാസൻ പറഞ്ഞു.
Comments