ന്യൂഡൽഹി: സായുധ സേനയുടെ ഫണ്ടിലേക്ക് പൗരന്മാർക്ക് സംഭവാന നൽകാൻ അവസരമൊരുക്കി കേന്ദ്രം. ഇതിനായി വെബ്‌സൈറ്റായ ‘മാ ഭാരതി കാ സപൂതിന്റ’ ഉദ്ഘാടനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നിർവഹിച്ചു.
സൈനികർ, നാവികർ, വ്യോമസേന ഉദ്യോഗസ്ഥർ തുടങ്ങിവർ ഏറ്റുമുട്ടലിനിടയിൽ വീരമൃത്യു വരിക്കുകയോ അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ അവരുടെ കുടുംബത്തിന് താങ്ങാവുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. സാധാരണ ജനങ്ങൾക്ക് വെബ്‌സൈറ്റ് വഴി സായുധ സേനയുടെ യുദ്ധ മരണ ക്ഷേമ നിധിയിലേക്ക് സംഭാവന നൽകാൻ കഴിയും.
പോരാട്ടത്തിനിടയിൽ വീരമൃത്യു വരിക്കുകയോ വൈകല്യങ്ങൾ സംഭവിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ സൈനികർക്കായി സർക്കാർ സഹായങ്ങൾ നൽകിയിരുന്നു. സൈനികർക്കുള്ള ക്ഷേമപദ്ധതികൾ ആവിഷ്‌കരിച്ചിരുന്നെങ്കിലും ഇവരുടെ കുടുംബത്തിന്റെ ക്ഷേമത്തിനായി തുക നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. പൗരന്മാരുടെയും വിവിധ കോർപ്പറേറ്റ് മേധാവികളുടെയും അഭ്യർത്ഥനയെ മാനിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
വെബ്സൈറ്റ് വഴി ഫണ്ടിലേക്ക് നേരിട്ട് സംഭാവന നൽകാൻ കഴിയും. ഓൺലൈൻ സംഭാവനയുടെ സർട്ടിഫിക്കറ്റും ഡൗൺലോഡ് ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചു. സംഭാവന നൽകുന്ന തുക സൈന്യത്തിന്റെ അക്കൗണ്ടിലാകും എത്തുക.
ഡൽഹിയിലെ നാഷണൽ വാർ മെമ്മോറിയൽ കോംപ്ലക്സിൽ സംഘടിപ്പിച്ച ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വീരമൃത്യു വരിച്ച സൈനികരെയും അംഗവൈകല്യങ്ങൾ സംഭവിച്ചവരെയും ആദരിച്ചു. സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, എയർ സ്റ്റാഫ് ചീഫ് എയർ ചീഫ് മാർഷൽ വിആർ ചൗധരി, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
















Comments