ന്യൂഡൽഹി: രാജ്യം അതിവേഗം 5ജിയിലേക്ക് കുതിപ്പ് നടത്താൻ ഒരുങ്ങവെ, 5ജി സേവനങ്ങളുടെ മറവിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നതായി വിവരം. ഈ സാഹചര്യത്തിൽ, തട്ടിപ്പുകാർക്കെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി വിവിധ സംസ്ഥാനങ്ങളിൽ പോലീസ് രംഗത്തെത്തിയിട്ടുണ്ട്.
അതിവേഗ ഇന്റർനെറ്റ് സേവനമായ 5ജി നിങ്ങളുടെ സ്മാർട്ട് ഫോണിൽ ലഭ്യമാകുമോ എന്നറിയാൻ ഇക്കാര്യങ്ങൾ ഒന്ന് മനസിലാക്കിയിരുന്നാൽ മതി.
1. എസ് എം എസ് ലിങ്കുകൾ വഴിയോ, ടെക്സ്റ്റ് മെസേജ് വഴിയോ, വാട്സാപ്പ് വഴിയോ, ഇമെയിൽ വഴിയോ ഫോണിൽ 5ജി ലഭ്യമാക്കാൻ കഴിയില്ല: എസ് എം എസ് വഴിയോ വാട്സാപ്പ് വഴിയോ ഇമെയിൽ വഴിയോ 5ജി ലഭ്യമാകും എന്ന അർത്ഥത്തിൽ വരുന്ന ലിങ്കുകൾ തുറക്കാതിരിക്കുക. ഇത്തരം ലിങ്കുകൾ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ ചോർത്തിയേക്കാം.
2. ഒടിപി പങ്കു വെച്ച് 5ജി സേവനം നേടാൻ സാധിക്കില്ല: ഫോണിൽ 5ജി ലഭ്യമാക്കി തരാം എന്ന വാഗ്ദാനവുമായി ഒടിപികളോ വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെട്ട് ആരെങ്കിലും വിളിച്ചാൽ അവ പറഞ്ഞ് കൊടുക്കാതിരിക്കുക. ഇത്തരത്തിൽ ഏതെങ്കിലും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ പറഞ്ഞാലും അത് ചെയ്യാതിരിക്കുക. ഏത് ടെലികോം സേവനത്തിനും, ഔദ്യോഗിക സേവന ദാതാവിനെ മാത്രം വിശ്വസിക്കുക.
3. 5ജി സേവനം ആരംഭിച്ചിട്ടില്ലാത്ത നഗരങ്ങളിൽ 5ജി ലഭ്യമാക്കാൻ സാധിക്കില്ല: നിങ്ങളുടെ നഗരത്തിൽ സേവന ദാതാവ് 5ജി സേവനം ആരംഭിച്ചിട്ടില്ലെങ്കിൽ നിങ്ങൾക്ക് അവിടെ 5ജി ലഭിക്കില്ല. ഇതിനായി, 5ജി സേവനം നിങ്ങളുടെ നഗരത്തിൽ എത്തുന്നത് വരെ കാത്തിരിക്കുകയേ തരമുള്ളൂ.
4. 4ജി ഫോണിൽ 5ജി ലഭിക്കില്ല: ഫോണിൽ 5ജി സേവനം ലഭിക്കണമെങ്കിൽ, ഹാൻഡ്സെറ്റ് 5ജി തന്നെ ആയിരിക്കണം. നിങ്ങളുടെ 4ജി ഫോണിനെ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആർക്കും സാധിക്കില്ല. ഇത്തരത്തിൽ വാഗ്ദാനവുമായി ആരെങ്കിലും സമീപിച്ചാലും, തട്ടിപ്പാണെന്ന് തിരിച്ചറിയുക.
5. സെറ്റിംഗ്സിൽ മാറ്റം വരുത്തിയാൽ 5ജി ലഭ്യമാകും: ചില സ്മാർട്ട് ഫോണുകൾ 5ജി ആണെങ്കിലും, ചില ഘട്ടങ്ങളിൽ നേരിട്ട് 5ജി ഉപയോഗിക്കാൻ സാധിക്കില്ല. ഇതിനായി സെറ്റിംഗ്സിൽ പോയി 5ജി എനേബിൾ ചെയ്യേണ്ടി വരും. സോഫ്റ്റ് വെയർ അപ്ഡേറ്റ് വഴി 5ജി ഫോണിൽ, 5ജി ഓട്ടോ എനേബിൾ ആക്കാനുള്ള സംവിധാനം ഡിസംബർ മാസത്തോടെ ലഭ്യമാക്കുമെന്ന് ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ അറിയിച്ചിട്ടുണ്ട്.
6. 4ജി സിം കാർഡുകളിൽ 5ജി ലഭ്യമാകും: 5ജി ഉപയോഗിക്കാൻ സ്മാർട്ട് ഫോൺ ഉപഭോക്താക്കൾ പ്രത്യേക സിം കാർഡ് വാങ്ങണമെന്നില്ല. തങ്ങളുടെ 4ജി സിമ്മുകളിൽ തന്നെ 5ജി ഉപയോഗിക്കാമെന്ന് എയർടെലും ജിയോയും അറിയിച്ചിട്ടുണ്ട്. 4ജി സിം 5ജി ആക്കി തരാമെന്ന പേരിൽ സമീപിക്കുന്നവരേയും വിശ്വസിക്കാതിരിക്കുക.
7. സേവന ദാതാവ് നൽകുന്ന പുഷ് നോട്ടിഫിക്കേഷൻ വഴി 5ജി ലഭ്യമാകും: സേവന ദാതാവ് നൽകുന്ന പുഷ് നോട്ടിഫിക്കേഷൻ വഴി 5ജി ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. എന്നാൽ, ഈ പുഷ് നോട്ടിഫിക്കേഷൻ ഒരിക്കലും ടെക്സ്റ്റ് മെസേജോ വാട്സാപ്പ് സന്ദേശമോ ഇമെയിലോ ആയിരിക്കില്ല. ഒന്നുകിൽ സേവന ദാതാവിന്റെ ഔദ്യോഗിക ആപ്പ് വഴിയോ, അല്ലെങ്കിൽ സെറ്റിംഗ്സിൽ മാറ്റം വരുത്താനുള്ള ഔദ്യോഗിക നിർദ്ദേശം വഴിയോ ആയിരിക്കും ഇത്.
8. നിങ്ങളുടെ നിലവിലെ ടെലികോം പ്ലാനിന്റെ അതേ നിരക്കിൽ 5ജി ലഭ്യമാകും: തത്കാലം 5ജി സേവനങ്ങൾക്ക് അധികം പണം മുടക്കേണ്ടതില്ലെന്നാണ് എയർടെലും ജിയോയും അറിയിച്ചിട്ടുള്ളത്. നിലവിലെ 4ജി പ്ലാനിന്റെ അതേ നിരക്കിൽ 5ജിയും ലഭ്യമാകും. നിരക്കിൽ മാറ്റമുണ്ടോ എന്നത് ട്രയൽ റൺ കഴിഞ്ഞ ശേഷം മാത്രമേ സേവന ദാതാക്കൾ പ്രഖ്യാപിക്കുകയുള്ളൂ.
Comments