ചൈനീസ്- അറബിക് ഭക്ഷണങ്ങൾക്കൊപ്പം മിക്കവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് മയോണൈസ്. നമ്മുടെ ഇഷ്ട ഭക്ഷണങ്ങൾക്ക് വ്യത്യസ്തമായ രുചി ലഭിക്കുന്നതിന് വേണ്ടിയാണ് നാം മയോണൈസ് ഉപയോഗിക്കുന്നത്. എന്നാൽ, ഭക്ഷണത്തിന് രുചി കൂട്ടുന്നതിനോടൊപ്പം, ഒരു സൗന്ദര്യ വർദ്ധക വസ്തു കൂടിയാണ് മയോണൈസ് എന്ന് എത്ര പേർക്കറിയാം?
മയോണൈസിലെ പ്രധാന ഘടകങ്ങൾ മുട്ടയും എണ്ണയുമാണ് എന്ന് അറിയാമല്ലോ. സൗന്ദര്യ സംരക്ഷണത്തിന് ഏറെ ഉപകാരപ്രദമാണ് ഈ ഘടകങ്ങൾ.
മുഖത്തിന് തിളക്കം വർദ്ധിപ്പിക്കാൻ മയോണൈസ് സഹായിക്കുന്നു:- രണ്ട് ടേബിൾ സ്പൂൺ മയോണൈസിനൊപ്പം അര ടീസ്പൂൺ തേനും ഒലിവ് എണ്ണയും ഒരു കിണ്ണത്തിൽ എടുക്കുക. ഇവ മിശ്രിതമാക്കിയ ശേഷം കുഴമ്പ് പരുവത്തിലാക്കി മുഖത്ത് പുരട്ടി പതിനഞ്ച് മിനിട്ട് നേരം വയ്‌ക്കുക. പിന്നീട് ഇളം ചൂട് വെള്ളത്തിൽ മുഖം കഴുകാം. ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തിന്റെ തിളക്കം വർദ്ധിക്കുന്നത് നിങ്ങൾക്ക് നേരിട്ട് മനസ്സിലാക്കാം.
മയോണൈസ് വരണ്ട ചർമ്മമുള്ളവർക്ക്:- വരണ്ട ചർമ്മം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെങ്കിൽ നിങ്ങൾക്ക് മയോണൈസ് മികച്ച ഒരു പരിഹാര മാർഗമാണ്. ഇത്തരക്കാർ മയോണൈസ് വെറുതെ കൈയ്യിൽ എടുത്ത് മുഖത്ത് പുരട്ടി പതിയെ മസാജ് ചെയ്യുക. ശേഷം ഇളം ചൂട് വെള്ളത്തിൽ മുഖം കഴുകുക.
മയോണൈസ് കേശസംരക്ഷണത്തിന്:- വരണ്ട തലമുടി മൃദുത്വമുള്ളതാക്കാൻ മയോണൈസ് ഉപയോഗിക്കാവുന്നതാണ്. ആഴ്ചയിൽ മൂന്ന് ദിവസം, ഹെയർ കണ്ടീഷണറിന് പകരം മയോണൈസ് ഉപയോഗിച്ചാൽ മുടി പട്ട് പോലെ മൃദുലവും തിളക്കമുള്ളതുമാകും.
പ്രത്യേക അറിയിപ്പ്:- ഫ്ലേവറുകൾ ചേർക്കാത്ത സാധാരണ മയോണൈസ് ആണ് സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കേണ്ടത്.
Comments