ന്യൂഡൽഹി: ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ് നാളെ ഇന്ത്യയിലെത്തും. ഔദ്യോഗിക സന്ദർശനത്തിന് തുടക്കം കുറിച്ചുകൊണ്ട് മുംബൈ ഭീകരാക്ര മണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കും. മുംബൈ താജ് മഹൽ പാലസ് ഹോട്ടലിലാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുക. 2022 ജനുവരിയിൽ തന്റെ രണ്ടാം ഭരണകാലാവധി ആരംഭിച്ചശേഷം ആദ്യമായാണ് ഇന്ത്യയി ലെത്തുന്നത്.
‘ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ് ഈ മാസം 18 മുതൽ 20 വരെ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. തന്റെ ഔദ്യോഗിക കാലാവധിയുടെ രണ്ടാം ഘട്ടം ജനുവരി 2022ൽ ആരംഭിച്ചശേഷം ആദ്യമായാണ് യുഎൻ മേധാവി ഇന്ത്യയിലെത്തുന്നത്. 2018 ഒക്ടോബർ 1 മുതൽ 4 വരെയാണ് ഗുട്ടാറസ് ആദ്യമായി ഇന്ത്യ സന്ദർശിച്ചത്. ‘ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
നാളെ ആരംഭിക്കുന്ന ഔദ്യോഗിക സന്ദർശനത്തിൽ ഭീകരാക്രമണത്തിന്റെ ഇരകളെ ഓർമ്മിക്കുന്ന ചടങ്ങിന് ശേഷം മുംബൈ ഐഐടിയിലെ സെമിനാറിൽ പങ്കെടുക്കും. 75-ാം വർഷത്തിലെ ഇന്ത്യ : യുഎൻ-ഇന്ത്യ പങ്കാളിത്തം : തെക്കൻ മേഖലാ സഹകരണം എന്ന വിഷയത്തിലാണ് പ്രഭാഷണം നടക്കുന്നത്. 20-ാം തിയതി പരിസ്ഥിതിയ്‌ക്കായുള്ള ജീവിത ശൈലി എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണമായ മിഷൻ ലൈഫ് പരിപാടിയുടെ ഉദ്ഘാടനം ഗുജറാത്തിൽ ഗുട്ടാറസ് നിർവ്വഹിക്കും.
2021 നവംബർ മാസത്തിൽ ഗ്ലാസ്‌ഗോയിലെ പരിസ്ഥിതി ഉച്ചകോടിയായ കോപ്-26ലാണ് നരേന്ദ്രമോദി ലൈഫ് എന്ന പദ്ധതി ലോകനേതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ചടങ്ങിന് മുമ്പ് ഗുട്ടാറസ് ഏകതാ പ്രതിമ സന്ദർശിക്കും. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ലോകത്തിലെ ആദ്യ സൗരോർജ്ജ ഗ്രാമമായ മൊധേരയും സൂര്യക്ഷേത്രവും ഗുട്ടാറസ് പ്രധാന മന്ത്രി നരേന്ദ്രമോദിക്കൊപ്പം സന്ദർശിക്കും.
















Comments