തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ ആയുർവേദ ചികിത്സാ കേന്ദ്രമാക്കാൻ പദ്ധതിയുമായി കേരള സര്‍ക്കാരിന്‍റെ ആയുര്‍വ്വേദ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഔഷധി. ഔഷധിയുടെ നവീകരണത്തിന്റെ ഭാഗമായി പുതിയ നാല് ചികിത്സാ കേന്ദ്രമാക്കാൻ ആരംഭിക്കാനാണ് തീരുമാനം. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, വയനാട് അല്ലെങ്കില്‍ കോഴിക്കോട് ജില്ലകളില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം കുണ്ടമൺകടവിലെ സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ ആയുർവേദ ചികിത്സാ കേന്ദ്രമാക്കാൻ ഔഷധി തീരുമാനമെടുത്തിരിക്കുകയാണ്.
ചികിൽസാ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള ശുപാർശ കേരള സർക്കാരിന് സമർപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ആയുഷ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ അടക്കമുള്ളവ ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾ ആക്കാനാണ് പദ്ധതി. വാടകയ്‌ക്കോ വിലയ്‌ക്കോ സ്ഥലങ്ങൾ ഏറ്റെടുക്കാനാണ് ഔഷധി ആലോചിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഔഷധി അധികൃതര്‍ സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ സന്ദര്‍ശിക്കുകയും അവിടുത്തെ സൗകര്യങ്ങളില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മുൻ ചെയർമാന്റെ കാലത്താണ് കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കാൻ ആലോചന തുടങ്ങിയതെന്ന് ഔഷധി അധികൃതർ അറിയിച്ചു.
അതേസമയം, 2018 ഒക്ടോബർ 27-ന് സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കത്തിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. എന്നാൽ മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതികളെ കണ്ടെത്താനാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്, ഹോംസ്റ്റേ കത്തിച്ച കേസ് അവസാനിപ്പിക്കുന്നതായി ക്രൈംബ്രാഞ്ച് അറിയിച്ചു. തീ കത്തിച്ചശേഷം ഹോംസ്റ്റേയ്‌ക്ക് മുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു. എന്നാൽ, ഇതെല്ലാം സിപിഎമ്മിന്റെയും സന്ദീപ് ആനന്ദഗിരിയുടെയും നാടകമാണെന്നും അവർ തന്നെ ആസൂത്രണം ചെയ്ത് കത്തിച്ചതാണെന്നുമാണ് പ്രധാന ആരോപണം.
















Comments