പ്രയാഗ് രാജ്; രാജ്യത്ത് ആർഎസ്എസ് ശാഖകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ആറായിരത്തിലധികം ശാഖകളാണ് വർദ്ധിച്ചത്. നേരത്തെ 54382 ശാഖകൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത് 61,045 ആയി വർദ്ധിച്ചു. 6663 ശാഖകളാണ് കൂടിയത്. കൊറോണക്കാലത്തും സംഘപ്രവർത്തനത്തിൽ കാര്യമായ പുരോഗതിയാണുണ്ടായതെന്നതിന്റെ തെളിവാണിത്. നിലവിൽ പല സംസ്ഥാനങ്ങളിലും 99 ശതമാനം മണ്ഡലങ്ങളിലും ശാഖാപ്രവർത്തനം സജീവമാണ്. ചിത്തോറിലും കേരളത്തിലും ബ്രജിലും മണ്ഡലതലം വരെ ശാഖകൾ എത്തിയിട്ടുണ്ട്.
2024 ഓടെ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും ആർഎസ്എസ് ശാഖകൾ എത്തുന്നതിനുള്ള പ്രവർത്തന പദ്ധതിക്ക് അഖില ഭാരതീയ കാര്യകാരി മണ്ഡൽ യോഗം രൂപം നൽകിയതായി സർകാര്യവാഹ് ദത്താത്രേയ ഹൊസബലെ വ്യക്തമാക്കി.2024 മാർച്ചോടെ ഒരു ലക്ഷം ശാഖകളാക്കി ഉയർത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കാര്യകാരിമണ്ഡൽ ജനസംഖ്യാ അസന്തുലനം, മതപരിവർത്തനം, വനിതാ പങ്കാളിത്തം, സാമ്പത്തിക സ്വാശ്രയത്വം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തുവെന്ന് സർകാര്യവാഹ് കൂട്ടിച്ചേർത്തു.
ആഴ്ചയിലൊരിക്കൽ ചേരുന്ന സാപ്താഹിക് മിലനുകളുടെ എണ്ണത്തിൽ നാലായിരവും മാസത്തിലൊരിക്കൽ ചേരുന്ന സംഘമണ്ഡലികളുടെ എണ്ണത്തിൽ 1800ഉം വർദ്ധനയുണ്ടായി.
സംഘം സ്ഥാപിച്ചിട്ട് 2025ൽ നൂറ് വർഷം തികയുകയാണ്. ആ കാലത്തേക്ക് മൂവായിരം യുവാക്കാൾ ശതാബ്ദി വിസ്താരക് എന്ന നിലയിൽ പൂർണസമയ പ്രവർത്തകരായി ഇറങ്ങുമെന്നും ദത്താത്രേയ ഹൊസബാലെ പറഞ്ഞു.
നാല് ദിവസമായി പ്രയാഗ് രാജിൽ ചേർന്ന കാര്യകാരിമണ്ഡലിൽ ആർ.എസ്.എസ്. സർസഘചാലക് മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബലെ എന്നിവരുൾപ്പെടെയുള്ള ഉന്നതനേതാക്കളും 45 മേഖലകളിൽ നിന്നായി നാനൂറോളം പ്രതിനിധികൾ പങ്കെടുത്തിരുന്നു.
















Comments