സ്‌കൂളിൽ നിന്ന് വിനോദ യാത്രകൾ പോകുന്നതിന് വേണ്ടി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. നിർദേശപ്രകാരം വർഷത്തിൽ മൂന്ന് ദിവസം മാത്രമേ സ്‌കൂളിൽ നിന്ന് വിനോദ യാത്ര നടത്താനാകൂ. സർക്കാർ അംഗീകൃത ടൂർ ഓപ്പറേറ്റർമാർ വഴി മാത്രമേ ഇത് നടത്താവൂ. യാത്ര പുറപ്പെടും മുമ്പ് പോലീസിലും ഗതാഗത വകുപ്പിലും അറിയിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
രാത്രി പത്ത് മണിക്ക് ശേഷവും രാവിലെ അഞ്ച് മണിക്ക് മുൻപും യാത്ര നടത്താൻ പാടില്ല. ഗതാഗത വകുപ്പ് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ മാത്രമേ വിനോദ യാത്രയ്‌ക്ക് ഉപയോഗിക്കാവൂ. നിയമവിരുദ്ധമായ ലൈറ്റും ശബ്ദ സംവിധാനങ്ങളുമുളള വാഹനങ്ങളിൽ യാത്ര പാടില്ല. വാഹനത്തിന്റെ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് സ്‌കൂൾ അധികൃതരുടെ ഉത്തരവാദിത്വമാണെന്നും നിർദേശത്തിലുണ്ട്.
യാത്ര പൂർത്തിയായതിന് ശേഷം ഡ്രൈവറുടെ പെരുമാറ്റത്തിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസറെ അറിയിക്കേണ്ടതാണ്. യാത്രയ്‌ക്കിടെ സുരക്ഷിതവും നിലവാരമുള്ളതുമായ താമസസൗകര്യവും ആരോഗ്യപരമായ ഭക്ഷണവും ക്രമീകരിക്കേണ്ടത് അനിവാര്യമാണെന്നും നിർദേശത്തിൽ പറയുന്നുണ്ട്. 15 വിദ്യാർത്ഥികൾക്ക് 1 അദ്ധ്യാപകൻ എന്ന അനുപാതം പാലിക്കേണ്ടതുണ്ടെന്നും മാർഗരേഖയിൽ പറയുന്നു.
യാത്രാവസാനം വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ സമീപം സുരക്ഷിതരായി എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശത്തിലുണ്ട്.
















Comments