ലണ്ടൻ; ബ്രിട്ടനിൽ ഭരണപ്രതിസന്ധി രൂക്ഷം. പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. അധികാരത്തിലേറി നാൽപ്പത്തിനാലാം ദിവസമാണ് പ്രധാനമന്ത്രിയുടെ രാജി. ജനാഭിലാഷം പാലിക്കാനായില്ലെന്ന് കുറ്റസമ്മതം നടത്തിയാണ് ലിസ് ട്രസ് രാജി സമർപ്പിച്ചത്. പ്രധാനമന്ത്രി പദത്തോടൊപ്പം കൺസർവേറ്റീവ് പാർട്ടി അദ്ധ്യക്ഷപദവിയും രാജിവെച്ചു.
പിൻഗാമിയെ കണ്ടെത്തും വരെ അധികാരത്തിൽ തുടരും. സാമ്പത്തിക നയങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് രാജി.താൻ പോരാളിയാണെന്നും തോറ്റുപിൻമാറില്ലെന്നും ലിസ് ട്രസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.ഇക്കഴിഞ്ഞ സെപ്തംബർ ആറിനായിരുന്നു ബ്രിട്ടന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റത്.
കഴിഞ്ഞ ദിവസം ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാനും അഞ്ചു ദിവസം മുൻപ് ധനമന്ത്രി ക്വാസി കാർട്ടെങ്ങും രാജിവെച്ചിരുന്നു. സാമ്പത്തിക രംഗത്തു നടത്തിയ വൻ നികുതിയിളവ് ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങളാണ് ക്വാസിയുടെ രാജിയ്‌ക്ക് കാരണമായത്. ഔദ്യോഗിക രേഖ കൈകാര്യം ചെയ്യുന്നതിൽ വന്ന വീഴ്ചയെ തുടർന്നായിരുന്നു ഇന്ത്യൻ വംശജയായ ബ്രേവർമാൻ രാജിവെച്ചിറങ്ങിയത്.രാജിക്ക് പിന്നാലെ ലിസ് ട്രസിനെതിരെ മാനിഫെസ്റ്റോ വാഗ്ദാന ലംഘനം അടക്കമുള്ള ഗുരുതര ആരോപണങ്ങളും ബ്രേവ്രർമാൻ ഉയർത്തിയിരുന്നു.
നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടൻ കടന്നുപോകുന്നത്. നാണയപ്പെരുപ്പം കഴിഞ്ഞ നാൽപ്പതു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. 10.1 ശതമാനാണ് നാണയപ്പെരുപ്പം.
















Comments