ലക്‌നൗ: പ്ലേറ്റ് ലെറ്റിന് പകരം ഡ്രിപ്പിലൂടെ മൊസംബി ജ്യൂസ് കയറ്റിവിട്ടതിനെ തുടർന്ന് രോഗി മരിച്ചു. യുപിയിലെ പ്രയാഗ് രാജിലെ സ്വകാര്യ ആശുപത്രിയിലാണ് പിഴവ് സംഭവിച്ചത്. ഡെങ്കിപ്പനി ബാധിച്ച രോഗിക്ക് പ്ലേറ്റ്‌ലെറ്റ് കുത്തിവെക്കുന്നതിനിടെയായിരുന്നു അബദ്ധം സംഭവിച്ചത്. സംഭവം അറിഞ്ഞതോടെ അടിയന്തിരമായി ഇടപെട്ട ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം അധികൃതർ ആശുപത്രി സീൽ ചെയ്തു.
ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് ഗുരുതരമായ പിഴവുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് ട്രോമാകെയർ ആശുപത്രി സീൽ ചെയ്തത്. പ്ലാസ്മ എന്ന് രേഖപ്പെടുത്തിയ ബാഗിൽ മൊസംബി ജ്യൂസ് നിറച്ചുവെച്ചതാണ് അബദ്ധത്തിനിടയാക്കിയതെന്നാണ് വിലയിരുത്തൽ. ഇത് ഡ്രിപ്പിലൂടെ ശരീരത്ത് കയറിയതോടെ രോഗിയുടെ നില വഷളായതായി ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
32 കാരനായ യുവാവാണ് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലം മരിച്ചത്. സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ആശുപത്രി പൂട്ടി സീൽ ചെയ്തുവെന്നും പ്ലേറ്റ്‌ലെറ്റ് പായ്‌ക്കുകൾ പരിശോധനയ്‌ക്കായി അയച്ചുവെന്നും ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് വ്യക്തമാക്കി. റിപ്പോർട്ട് പുറത്തുവരുന്നതോടെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ രോഗിയുടെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് 17,000 ത്തിലെത്തിയെന്നും ആശുപത്രിയിൽ നിന്നുളള നിർദ്ദേശ പ്രകാരം ബന്ധുക്കൾ തന്നെയാണ് പ്ലേറ്റ്‌ലെറ്റ് ഏർപ്പാടാക്കിയതെന്നുമാണ് ആശുപത്രി മാനേജ്‌മെന്റ് നൽകുന്ന വിശദീകരണം. മറ്റൊരു ആശുപത്രിയിൽ നിന്നും അഞ്ച് യൂണിറ്റ് പ്ലേറ്റ്‌ലെറ്റുകൾ ഇവർ എത്തിക്കുകയായിരുന്നുവെന്നും മാനേജ്‌മെന്റ് പറയുന്നു.
















Comments