മുംബൈ: മുംബൈയിലെ അമേരിക്കൻ സ്‌കൂൾ ഉൾപ്പെടെയുള്ള യുഎസ് സ്ഥാപനങ്ങൾ തകർക്കാൻ പദ്ധതിയിട്ട അനീസ് അൻസാരിയെന്ന കമ്പ്യൂട്ടർ എഞ്ചിനീയറെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെയും വകുപ്പുകൾ പ്രകാരം അഡീഷണൽ സെഷൻസ് ജഡ്ജി എഎ ജോഗ്ലേക്കറാണ് ശിക്ഷ വിധിച്ചത്.
ഭീകരസംഘടനയായ ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇയാൾ മുംബൈയിലെ സ്‌കൂളുകൾ തകർക്കാൻ പദ്ധതിയിട്ടത്. 2014 ൽ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആണ് അനസിനെ പിടികൂടിയത്. യുകെയിലും ഓസ്‌ട്രേലിയയിലും ഉള്ള രണ്ട് ആളുകളുടെ സഹായത്തോടെയാണ് ഇയാൾ സ്ഥാപനങ്ങൾ തകർക്കാൻ പദ്ധതിയിട്ടത്.
ഒരു അന്താരാഷ്‌ട്ര സോഫ്റ്റ് വെയർ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികായിരുന്ന അനീസിന്റെ ഫേസ്ബുക്ക് ചാറ്റുകളും മറ്റും പരിശോധിച്ചതിൽ നിന്നുമാണ് ആക്രമണത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ഐഎസ് ഭീകരനേതാവായ ഒമർ എൽഹാജിയുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നതായും തെളിഞ്ഞിരുന്നു. വ്യാജ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ചാണ് അനസ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കോപ്പു കൂട്ടിയത്. പിടിയിലാവുന്നതിന് ഒരു മാസം മുൻപ് ഇയാൾ കുടുംബത്തോടൊപ്പം രാജ്യം വിടാനുള്ള പദ്ധതികളും തയ്യാറാക്കിയിരുന്നു.
Comments