വിവാദനായകനായ മുൻമന്ത്രി കെ ടി ജലീലിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത് പ്രസാധകരായ സമകാലിക മലയാളം വാരിക നിർത്തി. യുഎഇ വഴിയുളള സ്വർണ്ണക്കടത്ത്, ആസാദ് കശ്മീർ പരാമർശം എന്നീ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വാരികയുടെ നടപടി. കെ ടി ജലീലിന്റെ ‘പച്ച കലർന്ന ചുവപ്പ്’ എന്ന ശീർഷകത്തിൽ എഴുതുന്ന പ്രസിദ്ധീകരണമാണ് വാരിക നിർത്തിയത്. എന്നാൽ എന്ത് കൊണ്ടാണ് പ്രസിദ്ധീകരണം നിർത്തിയതെന്ന് വാരിക വ്യക്തമാക്കിയിട്ടില്ല.
ചില അവിചാരിത കാരണത്താൽ നിർത്തുന്നുവെന്നാണ് വാരിക കഴിഞ്ഞ ലക്കത്തിൽ അറിയിച്ചത്. അറുപത് ലക്കങ്ങളുണ്ടാകുമെന്നാണ് ജലീൽ മുമ്പ് അറിയിച്ചിരുന്നത്. എന്നാൽ 21ാം ലക്കത്തിൽ വാരിക ജലീലിന്റെ ആത്മകഥ അവസാനിപ്പിക്കുകയായിരുന്നു. പച്ച കലർന്ന ചുവപ്പ്(അര നൂറ്റാണ്ടിന്റെ കഥ) എന്ന പേരിൽ തന്റെ 50 വർഷത്തെ ജീവിതകഥയാണ് ജലീൽ എഴുതാനിരുന്നത്. പുസ്തകമായി ഇറക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രസിദ്ധീകരിക്കാൻ വാരിക സന്നദ്ധത അറിയിച്ചതോടെ അവകാശം അവർക്ക് നൽകുകയായിരുന്നു.
Comments