ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഗൃപ്രവേശ പദ്ധതിയുടെ ഭാഗമായി അർഹരായ കുടുംബങ്ങൾക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീടുകൾ കൈമാറും. വൈകിട്ട് മൂന്ന് മണിയ്‌ക്കാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുക. മദ്ധ്യപ്രദേശിലെ സത്ന ജില്ലയിൽ പിഎം ആവാസ് യോജനയുടെ ഭാഗമായി നടപ്പിലാക്കിയ ഗൃഹപ്രവേശന പദ്ധതിയുടെ ആനുകൂല്യം 4.5 ലക്ഷം ഉപഭോക്താക്കൾക്കാണ് ഇന്ന് ലഭ്യമാകുക. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തിൽ ബിടിഐ ഗ്രൗണ്ടിലാണ് ഉദ്ഘാടനം നടക്കുക.
പ്രതിമാസം 20,000 മുതൽ 25,000 വീടുകളാണ് ഗൃഹപ്രവേശന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നിർമിച്ചിരുന്നത്. പിന്നീടത് ഒരു ലക്ഷം വീടുകളായി പുരോഗമിച്ചു. ഇതുവരെ പണിതുയർത്തിയ 48 ലക്ഷം വീടുകളിൽ 29 ലക്ഷം വീടുകൾ പിഎം ആവാസ് യോജനയുടെ കീഴിൽ വരുന്നതാണ്. 35,000 കോടി രൂപ ചിലവിലാണ് ഇത് നടപ്പിലാക്കിയത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ പിഎംആവാസ് യോജന പദ്ധതിക്ക് ലഭിച്ച ബജറ്റ് 400 ശതമാനം ഇത്തവണ വർധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം 10,000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. ഇതിൽ 6,000 കോടി കേന്ദ്രം നൽകുന്നതും ശേഷിക്കുന്നത് സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. ഗുണ, ഷിയോപൂർ ജില്ലകളിലായി 18,342 വീടുകൾ പ്രത്യേക പ്രൊവിഷനിൽ നിർമ്മിച്ചിട്ടുണ്ട്.
മദ്ധ്യപ്രദേശിൽ ഈ അടുത്ത കാലത്തായി പ്രധാനമന്ത്രി നിർവഹിക്കുന്ന മൂന്നാമത്തെ പദ്ധതിയാണിത്. ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളെ കുനോ ദേശീയോദ്യാനത്തിൽ കടത്തിവിടുന്ന പദ്ധതി സെപ്റ്റംബർ 17നായിരുന്നു. ശേഷം ഒക്ടോബർ 11ന് ഉജ്ജൈനിൽ മഹാകാൽ ലോക് ക്ഷേത്ര ഇടനാഴി പദ്ധതി അനാച്ഛാദനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗൃഹപ്രവേശന പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കുന്നത്.
Comments