സംസ്ഥാന സർക്കാരുകൾക്ക് ചാനലുകൾ വേണ്ട; പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ

Published by
Janam Web Desk

ന്യൂഡൽഹി: ചാനൽ നടത്തിപ്പിനു മാർഗ നിർദേശം പുറത്തിറക്കി കേന്ദ്രം. സംസ്ഥാന,കേന്ദ്ര ഭരണപ്രദേശങ്ങളിലെ സർക്കാരുകൾ ഇനി മുതൽ നേരിട്ട് ടെലിവിഷൻ ചാനൽ നടത്തരുതെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദ്ദേശിച്ചു. നിലവിലുള്ള ചാനൽ സംപ്രേക്ഷണം പ്രസാർ ഭാരതി വഴിയാക്കണമെന്നാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നത്.

2023 ഡിസംബറോടെ പൂർണ്ണമായും സംസ്ഥാനങ്ങൾ ചാനൽ സംപ്രേക്ഷണത്തിൽ നിന്നും പിന്മാറണമെന്നും വാർത്ത വിതരണ മന്ത്രാലയം നിർദ്ദേശിച്ചു. കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ മന്ത്രാലയങ്ങൾക്ക് ഇനി ബ്രോഡ്കാസ്റ്റിംഗ് മേഖലയിലേക്ക് കടക്കാൻ അനുമതിയില്ലെന്നും നിലവിലുള്ള ചാനൽ സംപ്രേക്ഷണം പ്രസാർ ഭാരതി വഴിയാക്കണമെന്നും നിർദ്ദേശമുണ്ട്.

കേരളത്തിലെ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സിനടക്കം നടപടി ബാധകമായേക്കുമെന്നാണ് സൂചന. തമിഴ്‌നാട് സർക്കാരിന്റെ വിദ്യാഭ്യാസ ചാനലായ കാൽവി ടിവി, ആന്ധ്രാ പ്രദേശ് സർക്കാരിന്റെ ഐപി ടിവി എന്നിവയ്‌ക്കും നടപടി ബാധികമായേക്കും.

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളോ സർക്കാർ സഹായം പറ്റുന്ന സ്ഥാപനങ്ങളോ സ്വകാര്യ മേഖലയുമായി ചേർന്ന് ബ്രോഡ്കാസ്റ്റിങ് നടത്തരുതെന്ന് 2012ൽ ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിരുന്നു. ഈ നിർദേശം കൂടി കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ കേസിലെ സുപ്രീം കോടതി വിധിയും നിയമ മന്ത്രാലയത്തിന്റെ നിയമോപദേശവും കണക്കിലെടുത്താണ് നിർദേശം നൽകിയിരിക്കുന്നത് എന്ന് മന്ത്രാലയം വ്യക്തമാക്കി.

Share
Leave a Comment