കണ്ണൂർ: പാനൂരിൽ വിഷ്ണുപ്രിയയെ വധിക്കാൻ പ്രതി ശ്യാംജിത്തിന് പ്രചോദനമായത് സീരിയൽ കില്ലറുടെ കഥപറഞ്ഞ മലയാളം സിനിമയെന്ന് കണ്ടെത്തൽ. സീരിയൽ കില്ലറെ പോലെ പോലീസിനെ വഴി തെറ്റിക്കാൻ വലിയ രീതിയിൽ ആസൂത്രണം നടത്തിയായിരുന്നു ശ്യാംജിത്ത് കൊലക്കത്തിയുമായി ഇറങ്ങിയത്. ദിവസങ്ങൾക്ക് മുൻപേ കൊലപാതകത്തിനുള്ള നീക്കങ്ങൾ തുടങ്ങിയ ശ്യാംജിത്ത് ,അന്വേഷണം വഴിതെറ്റിക്കാൻ വേണ്ടി ബാർബർ ഷോപ്പിൽ നിന്നും മുടിയെടുത്ത് പ്രതി ഉപയോഗിച്ചിരുന്ന ബാഗിലിട്ടു. ഡിഎൻഎ പരിശോധനയിൽ പോലീസിനെ വഴിതെറ്റിക്കാനാണ് ഇത് ചെയ്തതെന്നും പ്രതി വെളിപ്പെടുത്തി.
വിഷ്ണുപ്രിയയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ശ്യാംജിത്ത് പിന്നീട് ഇതേ വീട്ടിൽ വെച്ച് തന്നെ വസ്ത്രം മാറി. കൈയ്യുറയും മാസ്‌കും സോക്‌സും ഷൂസും അടക്കമുള്ളവ തന്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാക്കി. കൊല്ലാൻ ഉപയോഗിച്ച കത്തിയും ചുറ്റികയും ഇരുമ്പ് കമ്പിയും അറ്റകൈ പ്രയോഗത്തിനായി കൈയ്യിൽ കരുതിയ മുളകുപൊടിയും അടക്കമുള്ളവ ബാഗിൽ തന്നെയാണ് വെച്ചതെന്ന് പോലീസ് വ്യക്തമാക്കി.
കൊലപാതകത്തിന് ശേഷം ബൈക്കുമായി നേരെ മാനന്തേരിയിലേക്കാണ് ശ്യാംജിത് പോയത്. വീടിനടുത്തുള്ള ഒരു കുഴിയിൽ ബാഗ് വെച്ച് അതിന് മീതെ ഒരു കല്ലും ശ്യാംജിത് എടുത്ത് വെച്ചു. തുടർന്ന് സ്വന്തം വീട്ടിൽ പോയി. ഇവിടെ നിന്ന് കുളിച്ച് വസ്ത്രം മാറിയ ശേഷം മാനന്തേരിയിൽ അച്ഛന്റെ ഹോട്ടലിലേക്കാണ് ഇയാൾ പോയത്. ഇവിടെ വെച്ച് ഭക്ഷണം വിളമ്പുകയായിരുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
















Comments